jibin|
Last Updated:
വെള്ളി, 24 ജൂലൈ 2015 (13:14 IST)
5.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള സ്പോർട്സ് ആക്ടിവിറ്റി കൂപ്പെയായ ‘എക്സ് സിക്സി’ന്റെ രണ്ടാം തലമുറ മോഡൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യ പുറത്തിറക്കി. നിരത്തിലെ ആഡംബര വാഹനങ്ങളോട് പൊരുതി നില്‍ക്കാന്‍ കരുത്തുള്ളതാണ് ബിഎംഡബ്ല്യു പുറത്തിറക്കിയ പുതിയമോഡല്‍.
മൂന്നു ലീറ്റർ, ഇരട്ട ടർബോ ഇൻലൈൻ ആറു സിലിണ്ടർ ഡീസൽ എൻജിനാണ് ബിഎംഡബ്ല്യു ‘എക്സ് സിക്സ് എക്സ് ഡ്രൈവ് 40 ഡി എം സ്പോർട്ടി’നു കരുത്തേകുന്നത്. 313 പിഎസ് വരെ കരുത്തും 600 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘എക്സ് സിക്സി’ൽ പാഡിൽ ഷിഫ്റ്റർ സഹിതമുള്ള എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
മണിക്കൂറിൽ 240 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. പോരെങ്കിൽ സ്റ്റാർട്/സ്റ്റോപ് ഫംക്ഷൻ, 50:50 വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് എനർജി റീജനറേഷൻ, ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണം തുടങ്ങിയ വഴി ‘എക്സ് സിക്സി’നു ലീറ്ററിന് 15.87 കിലോമീറ്റർ ഇന്ധനക്ഷമതയും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.
അകത്തളത്തിലാവട്ടെ ഓഡിയോ നിയന്ത്രണ സംവിധാനവും ബ്ലൂടൂത്ത് കോളുകൾ സ്വീകരിക്കാനുള്ള സൗകര്യവുമുള്ള, ‘എം’ ലതർ സ്റ്റീയറിങ് വീലാണു പ്രധാന മാറ്റം. ഇരട്ട ടോൺ അപ്ഹോൾസ്ട്രിയും വുഡ് ട്രിമ്മും അടക്കമുള്ള ഡിസൈൻ പ്യുവർ എക്ട്രാവഗൻസ് പാക്കേജും പുതിയ ‘എക്സ് സിക്സി’ൽ ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയൊക്കെ ‘എക്സ് സിക്സി’ലുണ്ട്. പോരെങ്കിൽ അഡാപ്റ്റീവ് സസ്പെൻഷൻ പാക്കേജും ലഭ്യമാണ്.