സ്പാനിഷ് പടയ്ക്ക് മുന്നില്‍ ജര്‍മനി വീണു!

ഡര്‍ബന്‍| WEBDUNIA|
PRO
സ്പാനിഷ് പടയുടെ കാളക്കരുത്തിന് മുന്നില്‍ ജര്‍മനി കടപുഴകി. ലോകകപ്പില്‍ ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെടുത്തി സ്പെയിന്‍ ഫൈനലില്‍ കടന്നു. എഴുപത്തിമൂന്നാം മിനിറ്റില്‍ കാര്‍ലോസ് പ്യുയോളിന്‍റെ തകര്‍പ്പന്‍ ഹെഡറിലാണ് ജര്‍മനി മുട്ടുകുത്തിയത്. ഇനീയേസ്റ്റ സമ്പാദിച്ച കോര്‍ണറില്‍ നിന്നായിരുന്നു യൂറോപ്യന്‍ ചാംപ്യന്മാരായ സ്പെയിനിന്‍റെ ഗോള്‍. ആദ്യമായാണ്‌ സ്പെയിന്‍ ലോകകപ്പ്‌ ഫൈനലില്‍ കടക്കുന്നത്‌.

പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ഇരുടീമുകളും കളിച്ചത്. എതിരാളിക്ക്‌ പന്തുകിട്ടിയാല്‍ തോളോടുതോള്‍നിന്ന്‌ അവസാനത്തെ വിടവും അടച്ച്‌ കോട്ട ഭദ്രമാക്കാന്‍ രണ്ടു പക്ഷവും മിടുക്ക്‌ കാട്ടി. എന്നാല്‍ ചെറുവിടവുകളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച സ്പെയിനുതന്നെയായിരുന്നു പന്തിന്മേലും കളത്തിലും ആധിപത്യം. അര്‍ജന്‍റീനയെ തകര്‍ത്ത ജര്‍മനിയുടെ നിഴല്‍ മാത്രമായിരുന്നു സെമിയില്‍. ഫിനിഷിങ്ങില്‍ പിഴവുകള്‍ ഇല്ലാതിരുന്നെങ്കില്‍ ജര്‍മന്‍ പരാജയം കനത്തതാകുമായിരുന്നു. പല അവസരങ്ങളും അവസാന നിമിഷം സ്പെയ്ന്‍ പാഴാക്കുകയുണ്ടായി.

ഇനി, ജൂലൈ-11 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കാളപ്പോരിന്റെ നാട്ടുകാര്‍ ഓറഞ്ച്‌ പടയെ നേരിടും. ഇരുടീമുകളും ഇതിനുമുന്‍പ്‌ കപ്പുയര്‍ത്തിയിട്ടില്ല. സ്‌പെയ്‌ന്‍ ആദ്യ ഫൈനലിനിറങ്ങുമ്പോള്‍ ഹോളണ്ടിന്റെ മൂന്നാം ഫൈനലാണിത്‌. 1974-ലും 1978-ലുമാണ്‌ ഹോളണ്ട്‌ ഇതിനുമുന്‍പ്‌ ഫൈനലിലെത്തിയത്‌. രണ്ടുതവണയും കലാശപ്പോരാട്ടത്തില്‍ കാലിടറാനായിരുന്നു വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :