ഷൊയൈബിനെതിരെ പാകിസ്ഥാനിലും കേസ്

ലാഹോര്‍| WEBDUNIA|
PRO
കേസുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ടെന്നീസ് താരം മിര്‍സയെ ജീവിത സഖിയാക്കിയ പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന് സ്വന്തം നാട്ടിലും രക്ഷയില്ല. സിയാല്‍കോട്ടില്‍ ഷൊയൈബ് ഇന്നലെ നടത്തിയ വിവാഹ സല്‍ക്കാരത്തിനെതിരെ ഹസന്‍ ഷഹ്സദ് എന്ന വ്യക്തി ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

അമിതമായ വൈദ്യുതി ഉപയോഗത്തിനും, വിവാഹ സല്‍ക്കാരങ്ങളില്‍ ഒരു ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനുമാണ് ഷൊയൈബിനെതിരെ ഷഹ്സദ് കൊടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കോടതി ഇതുവരെ ഹര്‍ജി പരിഗണനയ്ക്കെടുത്തിട്ടില്ല. നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും വിവാഹ സല്‍ക്കാരത്തിന് വീട് അലങ്കരിക്കാനും മറ്റുമായി ഷൊയൈബും കുടുംബവും ഒട്ടേറെ വൈദ്യുതി പാഴാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ഒരു ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശവും മാലിക്കിന്‍റെ കുടുംബം ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം വിവാഹ സല്‍ക്കാരത്തിന് ക്ഷണക്കത്തുമായി ചെന്നിട്ടും പ്രവേശനം നല്‍കിയില്ലെന്നും പണം നല്‍കി ക്ഷണപത്രിക വാങ്ങിയവര്‍ക്ക് പണം മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വ്യക്തിയും ഷൊയൈബിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. ക്ഷണിക്കാത്ത നിരവധി അതിഥികളെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന വിവാഹ സല്‍ക്കാരം അലങ്കോലമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :