ബോക്സിംഗ് താരം വിജേന്ദര്‍ കുമാര്‍ സിംഗിന്റെ വിവാഹ സത്കാരത്തിനുള്ള ക്ഷണക്കത്തില്‍ അശോകസ്തംഭം. ഇതോടെ വിജേന്ദര്‍ വെട്ടിലായിരിക്കുകയാണ്. ഭിവാനിയില്‍ ബുധനാഴ്ച ഒരുക്കിയ വിരുന്ന് സത്കാരത്തിന്റെ ക്ഷണക്കത്തിലാണ് അശോകസ്തംഭം അച്ചടിച്ചിരിക്കുന്നത്.
ദേശീയ ചിഹ്നം സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണിത്. എന്നാല്‍ വിജേന്ദറിനെതിരെ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.
ചൊവ്വാഴ്ചയാണ് വിജേന്ദര്‍ സിംഗ് വിവാഹിതനായത്. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ അര്‍ച്ചനയാണ് വധു. മുസാഫര്‍നഗര്‍ സ്വദേശിയായ അര്‍ച്ചനയും വിജേന്ദറും കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും കായികതാരങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബോക്സിംഗ് മിഡില്‍ വെയ്റ്റ് (75 കിലോഗ്രാം) വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് വിജേന്ദര്‍ സിംഗ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2009ല്‍ മിലാനില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അരാഫുറ ഗെയിംസിലും വിജേന്ദര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.