സായി 40 ദിവസങ്ങള്‍ക്കകം മടങ്ങിവരും?

ഹൈദരാബാദ്| WEBDUNIA|
PRO
ഈ ലോകത്ത് നിന്ന് എന്നന്നേക്കുമായി പോയി എന്ന് വിശ്വസിക്കാന്‍ ഭക്തര്‍ തയ്യാറല്ല. ഞായറാഴ്ച രാവിലെ ഭൌതിക ശരീരം വെടിഞ്ഞ ശ്രീ സത്യ സായി ബാബ 40 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തങ്ങള്‍ക്ക് ദര്‍ശനം നല്‍കുമെന്നും 96 വയസ്സുവരെ ജീവിക്കും എന്നുമാണ് സായി ഭക്തര്‍ കരുതുന്നത്.

താന്‍ 96 വയസ്സുവരെ ജീവിക്കും എന്നും അതിനു ശേഷം മൈസൂരിനടുത്ത് മാണ്ഡ്യയില്‍ ‘പ്രേമ സായി’ എന്ന അവാതാരമെടുക്കുമെന്നും സായി ബാബ നേരത്തെ പ്രവചിച്ചിരുന്നു. ബായയുടെ ഈ പ്രവചനത്തില്‍ വിശ്വസിക്കുന്നവരാണ് ലക്ഷക്കണക്കിനു വരുന്ന സായി ഭക്തര്‍.

ഇനിയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് ദു:ഖാകുലരായ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത്. ലോകത്തിന് സംഭവിക്കാനിരുന്ന എന്തോ അത്യാപത്ത് തന്നിലേക്ക് ആവാഹിച്ച് ബാബ തല്‍ക്കാലത്തേക്ക് ലോകത്തില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന് കരുതാനാണിവര്‍ക്ക് ഇഷ്ടം.

കഴിഞ്ഞ ഒരു മാസക്കാലമായി സായി ബാബയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥനയില്‍ മുഴുകിക്കഴിഞ്ഞ ഭക്തജനലക്ഷങ്ങള്‍ ഒരു ഞെട്ടലോടെയാണ് സായിയുടെ വിയോഗ വാര്‍ത്ത ശ്രവിച്ചത്. ആഗ്രഹിക്കാത്തത് സംഭവിച്ചു എങ്കിലും തങ്ങള്‍ ആരാധിക്കുന്ന തങ്ങളെ നയിച്ചിരുന്ന സായി ബാബ ഇനിയും അവതാരമെടുക്കുമെന്നതില്‍ ഭക്തര്‍ക്ക് രണ്ട് പക്ഷമില്ല.

പാലാഴി മഥന സമയത്ത് കാളകൂടം വിഷം ഉയര്‍ന്നു വന്നപ്പോള്‍ ഭഗവാന്‍ ശിവന്‍ ഭൂലോകത്തെ സംരക്ഷിക്കാനായി അത് അപ്പാടെ വിഴുങ്ങി. കുറച്ചു സമയത്തേക്ക് വിഷത്തിന്റെ ശക്തിക്കടിമപ്പെട്ടു എങ്കിലും ഭഗവാന്‍ വീണ്ടും പഴയ രീതിയിലായി. ഇതേപോലെ, ശ്രീ സത്യ സായി ബാബയും ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുമെന്നാണ് ഭക്തര്‍ വിശ്വസിക്കുക്കുന്നത്.

സായി ബാബയുടെ മരണ വാര്‍ത്ത അറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് പുട്ടപര്‍ത്തിയിലേക്ക് ഒഴുകിയെത്തുന്നത്. ഭക്തര്‍ സംയമനം പാലിക്കണമെന്ന് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സത്യ സായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇവിടേക്കുള്ള വഴികളെല്ലാം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. നാല്‍പ്പതിനായിരത്തോളം പൊലീസുകാരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.

സായി ബാബയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബിജെപി നേതാവ് എല്‍കെ അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :