ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മാഡ്രിഡ്‌| WEBDUNIA|
PRO
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിലെ ഒന്നാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടക്കം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.15 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെയും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ബയേണ്‍ മ്യൂണിക്കിനെയും നേരിടും.

ബാഴ്‌സലോണ - അത്‌ലറ്റികോ മത്സരം ടെന്‍ സ്‌പോര്‍ട്‌സിലും യുണൈറ്റഡ്‌- ബയേണ്‍ മത്സരം ടെന്‍ ആക്‌ഷനിലും തത്‌സമയം കാണാം. നാളെ നടക്കുന്ന മത്സരങ്ങളില്‍ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ചെല്‍സിയെയും റയാല്‍ മാഡ്രിഡ്‌ ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെയും നേരിടും. സ്‌പാനിഷ്‌ ക്ലബുകളുടെ പോരാട്ടത്തിനു വേദിയാകുന്നത്‌ ബാഴ്‌സലോണയുടെ തട്ടകമായ ന്യൂക്യാമ്പാണ്‌. സ്‌പാനിഷ്‌ ലീഗില്‍ അത്‌ലറ്റികോ ഒന്നാംസ്‌ഥാനത്തും ബാഴ്‌സ രണ്ടാംസ്‌ഥാനത്തുമാണ്‌.

ചാമ്പ്യന്‍സ്‌ ലീഗില്‍ ഇരുവരും ആദ്യമായാണ്‌ ഏറ്റുമുട്ടുന്നത്‌. സീസണില്‍ ഇതുവരെ ബാഴ്‌സയും അത്‌ലറ്റികോയും തമ്മില്‍ മൂന്നു തവണ ഏറ്റുമുട്ടി. രണ്ടുപാദങ്ങളായി നടന്ന സൂപ്പര്‍ കപ്പില്‍ ബാഴ്‌സ ഗോള്‍വ്യത്യാസത്തില്‍ മുന്നേറിയിരുന്നു. ജനുവരിയില്‍ നടന്ന ലീഗ്‌ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ചാമ്പ്യന്‍സ്‌ ലീഗില്‍ അത്‌ലറ്റിക്കോയെക്കാള്‍ മത്സരപരിചയം മുന്‍ ചാമ്പ്യനായ ബാഴ്‌സയ്‌ക്കാണ്‌. കഴിഞ്ഞ ആറു സീസണിലും ബാഴ്‌സ സെമി ഫൈനലില്‍ കളിച്ചിരുന്നു. 1997 നു ശേഷം ആദ്യമായാണ്‌ അത്‌ലറ്റികോ ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌. 40 വര്‍ഷത്തിനു മുന്‍പാണ്‌ അവര്‍ അവസാനം സെമി ഫൈനലില്‍ കളിച്ചത്‌. 1997- ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റികോ ഡച്ച്‌ ക്ലബ്‌ അയാക്‌സ്‌ ആംസ്‌റ്റര്‍ഡാമിനോടു ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കുകയായിരുന്നു (4-3). ഇന്നത്തെ കോച്ച്‌ ഡീഗോ സിമോണ അന്നു ടീമിലെ പ്രധാന താരമായിരുന്നു. 2006 ലെ ലീഗ്‌ മത്സരത്തില്‍ 3-1 നു ജയിച്ചതിനു ശേഷം അത്‌ലറ്റികോയ്‌ക്കു ന്യൂക്യാമ്പില്‍ വെന്നിക്കൊടി പാറിക്കാനായില്ല.

പരുക്കിനെ തുടര്‍ന്ന്‌ ഏഴു മാസത്തെ വിശ്രമം നിര്‍ദേശിക്കപ്പെട്ട ഗോള്‍ കീപ്പര്‍ വിക്‌ടര്‍ വാല്‍ഡേസില്ലാതെയാണു ബാഴ്‌സലോണ ഇന്നു കളത്തിലിറങ്ങുക. റൗള്‍ ഗാര്‍സിയയ്‌ക്കു സസ്‌പെന്‍ഷന്‍ മൂലം ഇന്നു കളിക്കാനാകാത്തതാണ്‌ അത്‌ലറ്റികോയുടെ തലവേദന. ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ചാമ്പ്യന്‍സ്‌ ലീഗിലെ എക്കാലത്തെയും ടോപ്‌ സ്‌കോററാകാനുള്ള ഒരുക്കത്തിലാണ്‌. നാലു ഗോളുകള്‍ കൂടി നേടിയാല്‍ മെസി റൗള്‍ ഗൊണ്‍സാലസിന്റെ 71 ഗോളുകളുടെ റെക്കോഡിനൊപ്പമാകും. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍നിന്ന്‌ ഒന്‍പതു ഗോളുകളടിച്ച മെസി വൈകാതെ റെക്കോഡ്‌ മറികടക്കുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍.

1999 ലെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ബയേണിനെതിരേ പിന്നിട്ടുനിന്ന ശേഷം ജയിച്ചു നേടിയ ചരിത്രമാണു യുണൈറ്റഡിന്റേത്‌. ടെഡി ഷെറിംഗ്‌ഹാമിന്റെയും ഒലെ ഗണ്ണറുടെയും ഗോളുകളാണു ബയേണിന്റെ വിധിയെഴുതിയത്‌. ഒളിമ്പിയാകോസിനെതിരേ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ഹാട്രിക്കടിച്ച ഡച്ച്‌ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേഴ്‌സിക്കു പരുക്കു മൂലം കളിക്കാനാകാത്തത്‌ യുണൈറ്റഡ്‌ കോച്ച്‌ ഡേവിഡ്‌ മോയസിനു തലവേദനയാണ്‌.
ക്രിസ്‌ സ്‌മാളിംഗ്‌, അന്റോണിയോ വലന്‍സിയ, റാഫേല്‍ എന്നിവരും പരുക്കു മൂലം കളിക്കില്ല. ബയേണിന്റെ ഡാന്റെയും യുണൈറ്റഡിന്റെ പാട്രിക്‌ എവ്‌റയും സസ്‌പെന്‍ഷന്‍ മൂലം കളിക്കില്ല. ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണിലെ എല്ലാ ഹോം മത്സരങ്ങളും ജയിച്ചതിന്റെ ആനുകൂല്യം യുണൈറ്റഡിനുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :