ഇനി ചൈനീസ് പരിശീലകനാകാന്‍ ആ‍ഗ്രഹം: ഡീഗോ മറഡോണ

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ചൈനയുടെ പരിശീലകനാകാനാഗ്രഹം. സാമൂഹിക പ്രവര്‍ത്തനത്തിനായി ചൈനയിലെത്തിയ ഫുട്ബോള്‍ ദൈവം മറഡോണ ബെയ്ജിംഗില്‍ നടന്ന പത്ര സമ്മേളനത്തിലാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. യുഎഇ ടീമിന്റെ പരിശീലകനായിരുന്ന മറഡോണയെ കഴിഞ്ഞ മാസമാണ് യുഎഇ അല്‍ വാസല്‍ ക്ലബ് പുറത്താക്കിയത്.

മുന്‍പ് അര്‍ജന്റീനയുടെ പരിശീലകനായിരുന്ന മറഡോണക്ക് ലോകകപ്പില്‍ ടീമിന്റെ ക്വാര്‍ട്ടറിലെ പുറത്താകലാണ്, സ്ഥാനം നഷ്ടമാക്കിയത്. തുടര്‍ന്ന് ഒരുവര്‍ഷത്തോളം വിസ്മൃതിയിലായ മറഡോണയെ ദുബായിലെ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ വാസലാണ് മടക്കിക്കൊണ്ടുവന്നത്.

മറഡോണ പരിശീലക സ്ഥാനത്ത് എത്തിയതിനുശേഷമാണ് ടീം പുറകോട്ട് പോകാന്‍ തുടങ്ങിയതെന്ന വിമര്‍ശനമാണ് അല്‍ വാസല്‍ ക്ലബില്‍ മറഡോണയ്ക്കെതിരെ ഉയര്‍ന്നത്. ലീഗില്‍ ആറാം സ്ഥാനത്തായിരുന്ന അല്‍ വാസല്‍ എട്ടാം സ്ഥാനത്തേക്കെത്തിയിരുന്നു.

ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറഡോണയുടെ പല തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗള്‍ഫ് ചാംപ്യന്‍സ് ലീഗിലെ തോല്‍വിയും പ്രസിഡന്റ്സ് കപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും ടീമിനു തിരിച്ചടിയായി.

ഡീഗോ മറഡോണക്കൊപ്പം അര്‍ജന്റീനയുടെ ടീം ആഫ്രിക്കന്‍ മണ്ണില്‍ കാലുകുത്തിയത് കിരീടസ്വപ്‌നങ്ങളോടെയായിരുന്നു. ലയണല്‍ മെസിയുമുണ്ട് ടീമില്‍‍. ഗ്രൂപ്പുഘട്ടത്തില്‍ പ്രതീക്ഷകള്‍ക്കൊത്തവണ്ണം കയറിക്കളിച്ച അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പക്ഷേ, മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് ജര്‍മനിയോട് പോരടിച്ചു വീണപ്പോള്‍ ലോകം ഞെട്ടി.

ലോകകപ്പ് കഴിഞ്ഞു, അര്‍ജന്റീനാ ടീം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ആ ഫുട്ബോള്‍ ദൈവത്തിന്റെ വിലയിടിഞ്ഞിരുന്നു. അല്‍പകാലം ഡീഗോയെപ്പറ്റി ആരും തന്നെ കേട്ടില്ല. പരിശീലകസ്ഥാനത്ത് വേണമെങ്കില്‍ തുടര്‍ച്ചയാകാമെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍, തന്റെ സഹായികളെയും നിലനിര്‍ത്തണമെന്ന ഡീഗോയുടെ ആവശ്യം അസോസിയേഷന്‍ അംഗീകരിച്ചില്ല. ഒടുക്കം ഡീഗോ പിണങ്ങി. പുതിയ പരിശീലകനെ നിയമിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടു ടീമില്‍ നിന്നും ഡീഗോ പുറത്തായി. ഇനി ചീന ടീമിന്റെ പരിശീലക കുപ്പായമാകും ഡീഗോ അണിയുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :