സ്പാനിഷ് ലീഗ് ഫുട്ബോൾ സീസണിന് ഇന്നു കിക്കോഫ്

മഡ്രിഡ്| VISHNU N L| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:36 IST)
സ്പാനിഷ് ലീഗ് ഫുട്ബോൾ സീസണിന് ഇന്നു കിക്കോഫ്. രാത്രി 12ന് മലാഗ–സെവിയ്യ മൽസരത്തോടെയാണ് ലാലിഗയ്ക്കു തുടക്കമാകുന്നത്. ലാലിഗയിൽ നിലവിലെ ചാംപ്യൻമാരായ ബാർസിലോനയുടെയും രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡിന്റെയും ആദ്യ മൽസരം 23ന് ആണ്. ബാർസ അത്‌ലറ്റിക് ബിൽബാവോയെയും റയൽ സ്പോർട്ടിങ്ങിനെയും നേരിടും.

അത്‌ലറ്റിക്കോ മഡ്രിഡ് നാളെ ലാസ് പാൽമാസിനെതിരെ ആദ്യ മൽസരം കളിക്കും. നവംബർ 21ന് ബെർണബ്യൂവിലും 2016 ഏപ്രിൽ ഒൻപതിനു നൗകാംപിലുമാണ് റയൽ–ബാർസിലോന എൽ ക്ലാസിക്കോ പോരാട്ടങ്ങൾ. എട്ടു മൽസരങ്ങൾക്കിടെ ആറാം ലാലിഗ കിരീടം ലക്ഷ്യമിട്ടാണ് ബാർസ ഇറങ്ങുന്നത്. 20 ടീമുകൾ മൽസരിക്കുന്ന ലീഗിൽ 17 ടീമുകൾ കഴിഞ്ഞ സീസണിൽ ലീഗിൽ കളിച്ചവർ. റയൽ ബെറ്റിസ്, സ്പോർട്ടിങ് ഡിജോൺ, ലാസ് പാൽമാസ് എന്നിവരാണ് രണ്ടാം ഡിവിഷനിൽനിന്നു പ്രമോഷൻ കിട്ടിയെത്തുന്ന മൂന്നു ടീമുകൾ.

ടിവി സംപ്രേഷണം ക്ലബ് അടിസ്ഥാനത്തിലല്ലാതെ സംയുക്തലേലം നടത്തുന്നതിനാൽ സാമ്പത്തികമായി മെച്ചപ്പെടുമെന്ന സന്തോഷത്തിലാണ് ഇത്തവണ ലീഗിലെ ചെറുക്ലബുകൾ. വെറോണ–റോമ മൽസരത്തോടെ ഇറ്റാലിയൻ സീരി എയ്ക്ക് നാളെയും തുടക്കമാകുന്നതോടെ യൂറോപ്പ് പൂർണമായും കളിത്തട്ടിലിറങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :