ഫെഡറര്‍ വീണു, ദ്യോകോവിച്ച് കിരീടമുയര്‍ത്തി

ന്യൂയോര്‍ക്ക്| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (09:18 IST)
കരിയറിലെ പതിനെട്ടാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മുന്‍‌നിര താരം റോജര്‍ ഫെഡരര്‍ക്ക് പരാജയം. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് ഫെഡററെ വീഴ്ത്തി യു.എസ് ഓപ്പണ്‍ ചാമ്പ്യനായി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍ 6-4,7-5,6-4,6-4.

ശക്തമായ പോരാട്ടമാണ് ഫെഡറര്‍ നടത്തിയത്. ആദ്യ സെറ്റ് ദ്യോകോവിച്ച് പിടിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 7-5ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും 4-2 ന് ഫെഡറര്‍ മുന്നിലായിരുന്നു. എന്നാല്‍ ഏഴാം ഗെയിമില്‍ 40-30ന് ഫെഡറര്‍ക്ക് മുന്നിലെത്താനായെങ്കിലും ദ്യോകോവിച്ച് തിരിച്ചുപിടിച്ചു. തുടര്‍ന്ന് ഫെഡററുടെ സര്‍വീസും ബ്രേക്ക് ചെയ്ത് ദ്യോകോവിച്ച് 6-4ന് സെറ്റ് നേടി. പിന്നെ ദ്യോക്കോവിച്ച് മുന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഒരു ഘട്ടത്തില്‍ 5-2 ന് അദ്ദേഹം മുന്നിലെത്തി. എന്നാല്‍ ദ്യോകോവിച്ചിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത് ഫെഡറര്‍ 5-4 പിടിച്ചു. എന്നാല്‍ അടുത്ത ഗെയിം നഷ്ടപ്പെടുത്താതെ ദ്യോകോവിച്ച് സെറ്റും മത്സരവും സ്വന്തമാക്കി. ഇതോടെ തന്റെ കരിയറിലെ പത്താം ഗ്രാന്‍‌സ്ലാം കിരീടത്തില്‍ ദ്യോകോവിച്ച് മുത്തമിട്ടു. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ മൂന്നു ഗ്രാന്‍സ്ലാം കിരീടങ്ങളും ഇതോടെ ദ്യോകോവിച്ചിന്റെ പേരിലായി.

2011 ലും ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ മൂന്നു ഗ്രാസ്ലാമും ദ്യോകോവിച്ച് നേടിയിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ദ്യോകോവിച്ച് വീണ്ടും യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. അതേസമയം 2012 വിംബിള്‍ഡണ്‍ കിരീടം നേടിയതിനു ശേഷം ഫെഡര്‍ക്ക് ഒരു കിരീടവും നേടാനായിട്ടില്ല.
ഈ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലിലും ദ്യോകോവിച്ചിന് മുന്നില്‍ ഫെഡറര്‍ തോറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :