മീരാബായ് ചനുവിന് വെള്ളിയല്ല ! അത് സ്വര്‍ണ്ണമാകാന്‍ സാധ്യത; ഒളിംപിക്‌സില്‍ കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റ്

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (15:48 IST)

ടോക്കിയോ ഒളിംപിക്‌സിന്റെ ആദ്യദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമാണ് മീരാബായ് ചനു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് മീരാബായ് ഇന്ത്യയുടെ അഭിമാനമായത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ആ വെള്ളി മെഡല്‍ സ്വര്‍ണ്ണമാകാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. ടോക്കിയോയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റാണോ?

മീരാബായ് ചനു വെള്ളി മെഡല്‍ നേടിയപ്പോള്‍ അതേ ഇനത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത് ചൈനീസ് താരം ഹൗ ഷിഹുയി ആണ്. ഒന്നാം സ്ഥാനത്തെത്തിയ ഷിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ചൈനീസ് താരത്തിനു ഉത്തേജക മരുന്ന് പരിശോധന നിര്‍ദേശിച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഷിഹുയിയുടെ സ്വര്‍ണ മെഡല്‍ നേട്ടം അധികൃതര്‍ റദ്ദാക്കും. പകരം വെള്ളി മെഡല്‍ നേടിയ മീരബായ് ചനുവിനെ ഒന്നാം സ്ഥാനക്കാരിയായി പ്രഖ്യാപിക്കും. അങ്ങനെ വന്നാല്‍ മീരാബായ് ചനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകും.

ഉത്തേജക പരിശോന നടത്തുന്നതിന് ചൈനീസ് താരത്തോട് ടോക്കിയോയില്‍ തന്നെ തുടരാന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന ഉടന്‍ നടക്കുമെന്നാണ് വിവരം. 49 കിലോ ഭാരോദ്വഹനത്തിലാണ് ഷിഹുയി ഒന്നാമതും മീര രണ്ടാമതുമായി ഫിനിഷ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :