Mary Kom: പ്രായപരിധി കഴിഞ്ഞു, ബോക്സിങ്ങിൽ നിന്നും വിരമിച്ച് മേരികോം

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജനുവരി 2024 (09:12 IST)
ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍ നിന്നും വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്‌സര്‍മാര്‍ക്ക് 40 വയസ്സ് വരെ മാത്രമെ എലൈറ്റ് മത്സരങ്ങളില്‍ കളിക്കാനാവുകയുള്ളു. ഇതിന്റെ അടിസ്ഥാനത്തിലാണ് 41കാരിയായ താരം വിരമിച്ചത്.

ബോക്‌സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ആറു തവണ ലോകചാമ്പ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമായി 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി. 2005,2006,2008,2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ ശേഷം 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ താരം വെങ്കല മെഡല്‍ നേടി.

2008ല്‍ ലോകചാമ്പ്യനായതിന് പിന്നാലെയാണ് താരം ഇരട്ടക്കുട്ടികളുടെ അമ്മയായി മാറിയത്. ഇതോടെ ബോക്‌സിങ്ങില്‍ നിന്നും താത്കാലികമായി താരം വിട്ടുനിന്നിരുന്നു. പിന്നീട് 2012ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മേരികോം 2018ല്‍ ഡല്‍ഹിയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :