ക്രിസ്മസിന്റെ പിറ്റേദിവസം ആരംഭിക്കുന്ന ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റായത് എങ്ങനെ? അറിഞ്ഞിരിക്കാം

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (19:50 IST)
എല്ലാ വര്‍ഷവും ക്രിക്കറ്റ് ലോകത്ത് ക്രിസ്മസിന് പിറ്റേ ദിവസം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാറുണ്ട്. ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,ന്യൂസിലന്‍ഡ് ടീമുകളാണ് ഈ പോരാട്ടത്തില്‍ ഉണ്ടാകാറുള്ളത്. ഇത്തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലാണ് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ നടക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ട് മുതലാണ് ക്രിക്കറ്റില്‍ ബോക്‌സിങ് ഡേ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ ഏറ്റവും പ്രധാനം കാലങ്ങളായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരങ്ങളാണ്. ക്രിസ്മസിന്റെ പിറ്റേ ദിവസം ക്രിസ്മസ് ബോക്‌സ് എന്ന് വിളിപ്പേരുള്ള പെട്ടികള്‍ ആളുകള്‍ പള്ളികളില്‍ വെച്ച് പരസ്പരം നല്‍കുന്ന ചടങ്ങുണ്ടാകാറുണ്ട്. ഈ ദിവസമാണ് ബോക്‌സിങ് ഡേ എന്ന പേരില്‍ അറിയപ്പെട്ടുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഈ ദിവസങ്ങളില്‍ ഒരുപാട് കായികമത്സരങ്ങള്‍ നടക്കുന്നത് പതിവാണ്.

1950-51ലെ ആഷസ് സീരീസിലാണ് ആദ്യമായി ബോക്‌സിങ് ഡേ ദിനത്തില്‍ മത്സരങ്ങള്‍ നടന്നത്. എന്നാല്‍ 22-27 വരെയുള്ള ദിവസങ്ങളിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നിരുന്നത്. ഇടക്കാലത്ത് ഈ മത്സരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും 1967ല്‍ ഇത് വീണ്ടും പുനരാരംഭിച്ചു. ഇത്തവണ 23 മുതലായിരുന്നു മത്സരങ്ങള്‍. ഇന്ത്യയായിരുന്നു അന്ന് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വെസ്റ്റിന്‍ഡീസുമായിട്ടായിരുന്നു ഓസ്‌ട്രേലിയയുടെ മത്സരങ്ങള്‍.

1980ലാണ് ബോക്‌സിങ് ഡേ മത്സരങ്ങള്‍ നടത്താനുള്ള അവകാശം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്വന്തമാക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് 4 തവണ മാത്രമായിരുന്നു മെല്‍ബണില്‍ ബോക്‌സിങ് ഡേ മത്സരങ്ങള്‍ നടന്നിരുന്നത്. 2013ല്‍ ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരം കാണാനായി 91,112 കാണികളാണ് എത്തിയത്. ഇത് ടെസ്റ്റ് മത്സരങ്ങളിലെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്. 1985 മുതല്‍ ബോക്‌സിങ് ഡേ മത്സരങ്ങളില്‍ ഇന്ത്യ സ്ഥിരസാന്നിധ്യമാണ്. ഓസ്‌ട്രേലിയക്കെതിരെ 9 ബോക്‌സിങ് ഡേ ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ 6 ബോക്‌സിങ് ഡേ ടെസ്റ്റുകളും ഇന്ത്യ കളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :