ഐ എസ് എല്‍: കൊല്‍ക്കത്ത ഫൈനലില്‍; എതിരാളി ആരെന്ന് ഇന്ന് അറിയാം

ഐ എസ് എല്‍: അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനലില്‍

Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (08:52 IST)
ആദ്യപാദത്തിലെ വിജയത്തിന്റെ ബലത്തോടെ രണ്ടാംപാദ മത്സരത്തില്‍ സമനിലയുമായി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഇടം പിടിച്ചു. നാട്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ 3-2 വിജയമായിരുന്നു കൊല്‍ക്കത്ത നേടിയത്. ഈ വിജയമാണ്, മുംബൈയില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ സമനില നേടിയിട്ടും ഫൈനല്‍ ഉറപ്പാക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്.

ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളി ആരാകുമെന്ന് ഇന്ന് അറിയാം. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. കൊച്ചിയില്‍ നടന്ന ആദ്യപാദസെമിയില്‍ ഡല്‍ഹിയെ 1-0 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ ഇടം പിടിക്കാം. 18 ആം തിയതി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

മുംബൈയില്‍ നടന്ന മുംബൈ സിറ്റി എഫ് സി - കൊല്‍ക്കത്ത മത്സരത്തില്‍ പത്തു പേരുമായി കളിച്ചാണ് കൊല്‍ക്കത്ത ഫൈനല്‍ യോഗ്യത നേടിയത്. 43 ആം മിനിറ്റില്‍ കൊല്‍ക്കത്തയുടെ റോബര്‍ട്ട് ലാല്‍ത്‌ലാമുവാന
രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പുറത്തു പോയി. പിന്നീടുള്ള 52 മിനിറ്റും പത്തുപേരുമായി കൊല്‍ക്കത്ത കളിച്ചു. എന്നാല്‍, ആള്‍ക്കുറവിന്റെ ദൌര്‍ബല്യം ഒരു നിമിഷം പോലും മുതലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. ആദ്യപാദ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് സസ്പെന്‍ഷനിലായ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ അസാന്നിധ്യം മുംബൈയുടെ തീരാ സങ്കടവുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :