പ്രണയം തമാശയല്ല

ഡി എം എന്‍

WDWD
പ്രണയം എപ്പോഴും വര്‍ണ്ണ ശബളമായിരിക്കും എന്നാണ് പലപ്പോഴും പുതു തലമുറയുടെ ധാരണ. കോളേജിലെ മരച്ചുവടുകളില്‍ പ്രണയിനിയുമായി സല്ലപിക്കുക. നഗരങ്ങളിലെ വിശ്രമ കേന്ദ്രങ്ങള്‍ പ്രണയ പ്രകടനങ്ങള്‍ക്കുള്ള സുരക്ഷിത സ്ഥലങ്ങളാക്കി മാറ്റുക.

കാതടിപ്പിക്കുന്ന ശബ്ദസംവിധാനങ്ങള്‍ ഏസിയുടെ കുളിര്‍മ..ഇവയെല്ലാം പ്രദാനം ചെയ്യുന്ന തിയേറ്ററുകള്‍ എല്ലാം ദൈവം തങ്ങള്‍ക്കായി തീര്‍ത്തതാണെന്ന തോന്നല്‍ . ഇതെല്ലാമാണ് ഒരു വലിയ വിഭാഗം യുവതീയുവാക്കളുടെ പ്രണയാനുഭവങ്ങളും സ്വപ്നങ്ങളും.

ഇതൊക്കെയാണൊ പ്രണയം. യുവത്വത്തിന്‍റെ ആഘോഷിക്കലാണ് ഇന്നത്തെ പ്രണയം. ഇതായിരിക്കും പലരുടേയും അഭിപ്രായം. ശരിയായിരിക്കാം ആഘോഷം തന്നെയാണ് പ്രണയം. പക്ഷെ അത് 200 സിസി ബൈക്കില്‍ ചുറ്റുകയും പോപ്പ് കോണുകള്‍ വിഴുങ്ങുകയും ചെയ്യുന്ന ആഘോഷമല്ല.

ആത്മാര്‍ത്ഥമായ സ്നേഹത്തിന്‍റേയും പരസ്പരം പ്രണയം തിരിച്ചറിയുന്നതിന്‍റേയും ആഘോഷമാണ്. ജീവിതത്തില്‍ തനിക്കായ് സൃഷ്ടിക്കപ്പെട്ട കൂട്ടിനെ കണ്ടെത്തിയത്തിന്‍റെ ആഘോഷമാണ്...ഇതെല്ലാമാണ് പ്രണയം.

യഥാര്‍ത്ഥ പ്രണയം നാം കണ്ടെത്തുന്നതും അല്ലെങ്കില്‍ നമ്മെ തേടിയെത്തുന്നതും അപ്രതീക്ഷിതമായിട്ടായിരിക്കാം. ഒരു പക്ഷെ നമ്മുക്കൊപ്പം ഉണ്ടായിരുന്ന പ്രണയത്തെ വൈകിയാകും തിരിച്ചറിയുന്നത്. ഈ പ്രണയത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് ഒരു പുതു ജീവിതത്തിലേക്കുള്ള കാല്‍ വെയ്പായി മാറ്റുവാന്‍ പ്രണയിതാക്കള്‍ പരസ്പരം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മനുഷ്യമനസില്‍ മുറിവുകളേല്‍ക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ചെറിയ പോറലുകള്‍ മനസിനെ തകര്‍ക്കുന്ന രോഗങ്ങളായി മാറാനും അധികം നാള്‍ വേണ്ട. അതിനാല്‍ ചില രീതികള്‍ ജീവിതത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുക.


സംസാരിക്കുക...ചിന്തകള്‍ പങ്കുവെയ്ക്കുക

ഏത് ബന്ധത്തിനേയും ദൃഢപ്പെടുത്താന്‍ നല്ല രീതിയിലുള്ള ആശയവിനിമയം ആവശ്യമാണ്. പ്രണയത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. തുറന്നുള്ള സംസാരം പല തെറ്റിധാരണകളേയും മാറ്റാന്‍ സഹായിക്കും. പരസ്പരം അറിയാനാവുന്നതും സംസാരത്തിലൂടെ തന്നെയാണ്. പ്രണയിതാവിനോട് സംസാരിച്ചു കഴിയുമ്പോള്‍ കിട്ടുന്ന മാനസിക സംതൃപ്തി വളരെ വലുതാണ്.

പക്ഷെ ഈ സംസാരവേളകള്‍ പ്രണയിതാവിനെ വേദനിപ്പിക്കാനുള്ള അവസരങ്ങളാക്കി മാറ്റാതിരിക്കുക. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടും അതിന് ഒരുപാട് നാള്‍ നീ‍ണ്ടു നില്‍ക്കുന്ന ഫലമുണ്ടാക്കാന്‍ കഴിയും. പ്രത്യേകിച്ച് മനസിനെ വേദനിപ്പിക്കുന്ന വാക്കുകളാണെങ്കില്‍ ഒരുപാട് കാലം അതേ തീവ്രതയോടെ നിന്നേക്കാം. ദേഷ്യവും രോഷവും നിങ്ങളെ കീഴടക്കാതെ സ്നേഹം നിങ്ങളെ കീഴടക്കട്ടെ. ഈഗോ എല്ലാം മാറ്റി വച്ച് തന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണ് പ്രണയിതാവ് എന്ന നിലയില്‍ സംസാരിക്കാന്‍ കഴിയണം.


ഇഷ്ടഭാജനത്തിന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുക.

പ്രണയം എപ്പോഴും ഒറ്റയാള്‍ പ്രകടനമാവരുത്. ഇരുവര്‍ക്കും തുല്യ പ്രാധാന്യമുള്ള ബന്ധമായിരിക്കണം അത്. ഒരാളുടെ മാത്രം സംസാരിച്ചു കൊണ്ടേരിരിക്കരുത്.പ്രണയിതാവിന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത്, നിങ്ങളില്‍ നിന്ന് പ്രണയ ഭാജനം ആഗ്രഹിക്കുന്ന പ്രതികരണങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പക്ഷെ അത് ഒരിക്കലും അഭിനയമാവരുത്. നൂറ് ശതമാനാവും ആത്മാര്‍ത്ഥമാകണം. നിങ്ങള്‍ക്ക് മടുപ്പ് തോന്നിയാല്‍ അത് അവരെ വേദനിപ്പിക്കാത്ത രീതിയില്‍ പ്രകടിപ്പിക്കുക.


സമയം പോക്കാവരുത് പ്രണയം

നേരത്തെ പറഞ്ഞപ്പോലെ ‘അടിച്ചുപൊളിക്കാന്‍’ഉള്ള ബന്ധമാവരുത് പ്രണയം. അത് നേരുള്ളതും നന്‍‌മ നിറഞ്ഞതും ആവണം. കുറച്ചു നാള്‍ അല്ലെങ്കില്‍ കോളേജ് പഠനകാലത്ത് പ്രേമിച്ച് പിരിയാം എന്ന കരാറുകള്‍ പലര്‍ക്കിടെയിലും ഇന്നുണ്ട്.

ഇക്കൂട്ടത്തില്‍ ആത്മാര്‍ത്ഥയുള്ള പ്രണയങ്ങള്‍ ഇല്ല എന്നു പറയാനാവില്ല...ജീവിത സാഹചര്യങ്ങള്‍ തങ്ങളെ ഒരുമിക്കാന്‍ അനുവദിക്കുകയില്ലെന്ന തിരിച്ചറിവും..ഇങ്ങനെയുള്ള കരാറുകള്‍ക്ക് കാരണമാവാം. കുറച്ചു നാളെങ്കിലും പ്രണയിക്കാന്‍ സാധിച്ചല്ലോ എന്ന ആശ്വാസം ബാക്കിയാവും...ഒപ്പം നഷ്ടപ്പെടലിന്‍റെ ഒരു വലിയ മുറിവും.

WEBDUNIA|
തമാശകള്‍ക്ക് വഴങ്ങാതെ ഗൌരവമായി തന്നെ പ്രണയത്തെ കാണുക...കാരണം പ്രണയം മനസില്‍ രൂപപ്പെടുത്തുന്ന ചിന്തകള്‍ നിഷ്ക്കളങ്കവും അത്രതന്നെ വികാര തീവ്രവും ആകും. ഇത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :