ചമ്പകരാമന്‍ പിള്ള എന്ന വിപ്ലവകാരി അഥവാ ജയ് ഹിന്ദിന്റെ ഉപജ്ഞാതാവ്

സജിത്ത് ചന്ദ്രന്‍| Last Updated: വ്യാഴം, 23 ജനുവരി 2020 (20:02 IST)
ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രമുഖനാണ് ചമ്പകരാമന്‍ പിള്ള. 1891 സപ്റ്റംബര്‍ 14 ന് തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നാസികള്‍ക്കൊപ്പം നിന്ന് ബ്രിട്ടനെതിരെ പോരാടി, ഒടുവില്‍ നാസികളുടെ മര്‍ദ്ദനമേറ്റാണ് അദ്ദേഹം മരിച്ചത്.

നാട്ടില്‍ ഇന്നും പലര്‍ക്കും വിപ്ലവകാരിയായ ചമ്പകരാമന്‍ പിള്ളയുടെ മഹത്വമറിയില്ല. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ആരും ഓര്‍ക്കുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ മലയാളി യോദ്ധാവിനെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പോലും പറയുന്നില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതാന്ത്യം വരെ പോരാടിയ ചെമ്പകരാമന്‍പിള്ള നാസികളുടെ മര്‍ദ്ദനഫലമായി 1934 മെയ് 26 പ്രഷ്യയിലെ ആശുപത്രിയില്‍ അന്തരിച്ചു.

സ്വതന്ത്രഭാരതത്തിന്‍റെ കൊടിക്കപ്പലിലേ ജന്‍‌മനാട്ടിലേക്കു മടങ്ങൂ എന്ന പ്രതിജ്ഞ പിള്ളയ്ക്ക് പാലിക്കാനായില്ല. അദ്ദേഹത്തിന്‍റെ ചിതാഭസ്മം ഇന്ത്യന്‍ നാവികസേനയുടെ കൊടിക്കപ്പലില്‍ 1966 സെപ്തംബറില്‍ കൊച്ചിയില്‍ കൊണ്ടുവന്നശേഷം കന്യാകുമാരിയില്‍ നിമജ്ജനം ചെയ്തു.

ജയ് ഹിന്ദിന്റെ ഉപജ്ഞാതാവ്:-

എല്ലാ രാഷ്ട്രീയക്കാരും മുഷ്ടി ചുരുട്ടി പ്രസംഗം അവസാനിപ്പിക്കുന്നത് ജയ് ഹിന്ദ് എന്നു പറഞ്ഞാണ് 'ജയ് ഹിന്ദ്' എന്ന പ്രസിദ്ധ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ചമ്പകരാമന്‍ പിള്ളയാണെന്ന് എത്രപേര്‍ക്കറിയാം.?

കാബൂള്‍ ആസ്ഥാനമാക്കി രാജാമഹേന്ദ്രപ്രതാപ് സ്ഥാപിച്ച (1915 ഡിസംബര്‍) ഒന്നാമത്തെ സ്വതന്ത്രഭാരത സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു പിള്ള. 1924 ല്‍ ലീപ്സിഗിലെ അന്താരാഷ്ട്രമേളയില്‍ ഇന്ത്യന്‍ സ്വദേശി വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

ജര്‍മ്മനിയിലെ ദേശീയ കക്ഷിയിലെ അംഗത്വമുള്ള ഏക വിദേശീയനാനായിരുന്ന പിള്ള ഹിറ്റ്ലറോടും നാസിയോടും അകന്നതോടെ അവരുടെ ശത്രുവായി. പിള്ളയ്ക്ക് ബെര്‍ലിനിലുണ്ടായിരുന്ന വസ്തുവകകള്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :