അഗസ്ത്യവന്ദനം പ്രകൃതിവന്ദനം

WEBDUNIA|
അഗസ്ത്യാര്‍കൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച പര്‍വ്വതശിഖരമെന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യാര്‍കൂടത്തിനിപ്പോള്‍ തീര്‍ത്ഥാടന കാലമാണ്.

തീര്‍ത്ഥാടകര്‍ തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബോണക്കാട് എത്തി 30 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് കരമനയാര്‍, അട്ടയാര്‍, കുട്ടിയാര്‍ എന്നിവയുടെ കൈവഴികള്‍ പിന്നിട്ട് ഏഴുമടക്കന്‍ മലയും മുട്ടിടിച്ചാന്‍ മലയും അതിരുമലയും കടന്ന് പൊങ്കാലപ്പാറയിലെത്തുന്നു.

ഇവിടെ താമ്രപര്‍ണി നദി തീര്‍ക്കുന്ന തടാകത്തില്‍ മുങ്ങിക്കുളിച്ച് കൊടുമുടി കയറുന്നു. അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. തീര്‍ത്ഥാടകര്‍ സ്വയം പൂജനടത്തി മലയിറങ്ങുകയാണ് പിന്നെ.

അഗസ്ത്യവന്ദനം പ്രകൃതിവന്ദനമാണിവിടെ. സാഹസികതയും ഭക്തിയും പ്രകൃതിയുമൊക്കെ ഈ യാത്രയില്‍ സമ്മേളിക്കുന്നു. പ്രകൃതിയെ വണങ്ങാനായി മാത്രമൊരു തീര്‍ത്ഥാടനം. അമ്പലമില്ലാത്ത, പൂജാവിധികളില്ലാത്ത, കാണിക്കയും ദക്ഷിണയുമില്ലാത്ത തീര്‍ത്ഥാടനം. മകരവിളക്കുനാള്‍ തുടങ്ങി ശിവരാത്രിയോടെയാണ് ഇവിടുത്തെ തീര്‍ത്ഥാടന കാലം അവസാനിക്കുക.

അതിരുമലയിലേക്കുള്ള യാത്രയില്‍ അപൂര്‍വ്വയിനം പക്ഷികള്‍, ശലഭങ്ങള്‍, മലയണ്ണാന്‍ തുടങ്ങിയവയൊക്കെ കാണാന്‍ കഴിയും. ആന, കാട്ടുപോത്ത്, ഉഗ്രവിഷമുള്ള പാമ്പുകള്‍, കടുവ, പുലി തുടങ്ങിയവയും സുലഭം. ഔഷധ സസ്യങ്ങളുടെ കലവറയിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള യാത്ര ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

വഴിയരികിലുള്ള ചാത്തന്‍ അപ്പ്, കരടി അപ്പ് എന്നീ പാറയടുക്കുകള്‍ വിശ്രമ കേന്ദ്രങ്ങളാണ്. പുല്‍മേടുകള്‍, ഇലപൊഴിയും വനം, നിത്യഹരിത വനം, ചോലക്കാടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയിലൂടെയാണ് യാത്ര. വിഗ്രഹത്തിന്‍റെ സാദൃശ്യമുള്ള പാറകള്‍ നിരന്ന് കിടക്കുന്ന വിഗ്രഹപ്പാറ മറ്റൊരു കൗതുകമാണ്. ആദ്യ ദിവസത്തെ യാത്ര ഇവിടെയാണ് അവസാനിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :