BIJU|
Last Modified വെള്ളി, 28 സെപ്റ്റംബര്‍ 2018 (20:43 IST)
ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് ആരെങ്കിലും മുഖത്തുനോക്കി പറഞ്ഞാല്‍ അതിനോട് വാശിയോടെ അപ്പോള്‍ പ്രതികരിക്കാന്‍ പോകരുത്. ഒന്നും മിണ്ടാതെ അത് കേട്ട് തലകുലുക്കി പുഞ്ചിരിക്കുക. അല്ലെങ്കില്‍ ‘ നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അതെനിക്ക് കഴിയില്ല’ എന്ന് സമ്മതിച്ചുകൊടുത്തേക്കുക. അവര്‍ക്കൊരു സമാധാനം കിട്ടട്ടെ.
എന്നാല്‍ അവര്‍ പോയതിന് ശേഷം ആ വെല്ലുവിളി നിങ്ങളുടെ സമാധാനം കെടുത്തണം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് അയാള്‍ വെല്ലുവിളിച്ച കാര്യത്തെ പറ്റി ആലോചിക്കണം. നിങ്ങള്‍ക്ക് അത് പ്രായോഗികമാണോ എന്ന് സത്യസന്ധമായി വിലയിരുത്തല്‍ നടത്തണം.
മറ്റാര്‍ക്കും കഴിയാത്ത ഒരു കാര്യത്തേക്കുറിച്ചാണ് അയാള്‍ പറഞ്ഞതെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍, ലോകത്തില്‍ ഒരാള്‍ക്കെങ്കിലും അത് മുമ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയും.
ഒരുകാര്യം മാത്രം മനസിലാക്കുക. ഏത് വെല്ലുവിളിയെക്കാളും വലുതാണ് നിങ്ങള്‍. നിങ്ങളുടെ മുമ്പിലേക്ക് വരുന്ന പല വെല്ലുവിളികളില്‍ ഒന്ന് മാത്രമാണ് ഇത്. ഇനി അയാള്‍ പറഞ്ഞ ആ കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെപ്പറ്റി വിശദമായി ആലോചിക്കുക. പഠിക്കുക. ഊണിലും ഉറക്കത്തിലും ചിന്തയിലും ശ്വസിക്കുമ്പോള്‍ പോലും അത് മാത്രം മനസില്‍ നിലനിര്‍ത്തുക. അതില്‍ മാത്രം ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുക.
ചിലപ്പോള്‍ കുറച്ച് പ്രയാസപ്പെട്ടേക്കാം. പക്ഷേ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. നല്ല രീതിയില്‍ പരിശീലനം നടത്തിയാല്‍ ആ കാര്യത്തില്‍ എക്സ്പേര്‍ട്ട് ആവാനും കഴിയും. അതില്‍ വൈദഗ്ധ്യം നേടിയെന്ന് ഉറപ്പാക്കിയാല്‍, വെല്ലുവിളിച്ച ആളെ തിരഞ്ഞുപിടിച്ച് അയാളുടെ നേര്‍ക്ക് നടന്നുചെല്ലുക. ഒരു ഷേക്ഹാന്‍ഡ് നല്‍കുക.