ചാലക്കുടിയില്‍ ഇന്നസെന്‍റ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

തൃശൂര്‍| WEBDUNIA|
PRO
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ചലച്ചിത്രതാരം ഇന്നസെന്‍റ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. എല്‍ ഡി എഫ് നേതാക്കള്‍ ഇന്നസെന്‍റുമായി കൂടിക്കാഴ്ച നടത്തുന്നു. മത്സരിക്കാന്‍ തയ്യാറാണെന്ന് ഇന്നസെന്‍റ് മാധ്യമങ്ങളെ അറിയിച്ചു.

നിലവില്‍ യു ഡി എഫിന്‍റെ കെ പി ധനപാലനാണ് ചാലക്കുടി എം പി. ധനപാലനെ തന്നെയായിരിക്കും യു ഡി എഫ് ഇത്തവണയും കളത്തിലിറക്കുക എന്നാണ് റിപ്പോര്‍ട്ട്. ചാലക്കുടിയില്‍ ഇത്തവണ ഇടതുമുന്നണി വിജയിക്കുമെന്ന രീതിയില്‍ അഭിപ്രായ സര്‍വേ പുറത്തുവന്നിരുന്നു. ഇന്നസെന്‍റിന് ഏറെ ബന്ധങ്ങളുള്ള മണ്ഡലമാണ് ചാലക്കുടി. ഇന്നസെന്‍റിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്.

കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റാണ് ഇന്നസെന്‍റ്. മുമ്പ് മുനിസിപ്പല്‍ കൗണ്‍സിലറായി ഇന്നസെന്‍റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം ചികിത്സയിലായിരുന്ന ഇന്നസെന്‍റ് ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ഇന്നസെന്‍റ് കേന്ദ്രകഥാപാത്രമായി അടുത്തിടെയെത്തിയ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ് 2’ ഭേദപ്പെട്ട വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :