ഇന്ത്യന്‍ ലക്‌ഷ്യം 143

ധാംബുള്ള| WEBDUNIA|
ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക ഏല്‍പ്പിച്ച മുറിവിന് രണ്ടാം മത്സരത്തില്‍ കണക്ക് പറഞ്ഞ് തിരിച്ചടിച്ച ഇന്ത്യന്‍ ബൌളര്‍മാര്‍ ലങ്കന്‍ ബാറ്റിങ്ങിനെ എറിഞ്ഞു വീഴ്ത്തി. സാഹിര്‍ ഖാന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നടത്തിയ ആക്രമണത്തെ ചെറുക്കാനാകാതെ ശ്രീലങ്കയുടെ വമ്പന്‍ ബാറ്റിങ്ങ് നിര 142 റണ്‍സിന് പുറത്താകുകയായിരുന്നു.

ഇന്ത്യക്കായി 9.5 ഓവറുകളില്‍ 21റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സാഹീര്‍ ഖാനാണ് ലങ്കയുടെ മുന്‍നിരയെ തകര്‍ത്തത് .ഇര്‍ഫാന്‍ പത്താന്‍, പ്രവീണ്‍ കുമാര്‍ എന്നിവരും സാഹീറിന് മികച്ച പിന്തുണ നല്‍കി. ശ്രീലങ്കന്‍ സ്കോര്‍ അമ്പത് തികയുന്നതിന് മുന്‍പ് തന്നെ അവരുടെ ആറ് മുന്‍ നിര ബാറ്റ്സ്‌മാന്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. പിന്നീട് വാലറ്റത്ത് തുഷാരയും(44) കുലശേഖരയും(25) നടത്തിയ പോരാട്ടമാണ് ലങ്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

രണ്ടു റണ്‍സ് മാത്രമെടുത്ത ഒപ്പണര്‍ കുമാര്‍ സംഗകാരയെ ക്ലീന്‍ ബൌള്‍ഡാക്കിയ സഹീര്‍ ഖാനാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ജയസൂര്യക്ക് ഒപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത സംഗകാര പുറത്താകുമ്പോള്‍ നാല് റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ സ്കോര്‍. ആതിഥേയരുടെ സ്കോര്‍ പത്തിലെത്തിയപ്പോള്‍ നായകന്‍ ജയവര്‍ദ്ധനെ(2)യെ പുറത്താക്കി കൊണ്ട് സാഹിര്‍ വീണ്ടും ആഞ്ഞടിച്ചു. യുവരാജിന് ക്യാച്ച് നല്‍കിയാണ് നായകന്‍ മടങ്ങിയത്.

പിന്നാലെയെത്തിയ കപുഗദരെയും ചമരസില്‍വയും റണ്‍സൊന്നും നേടാനാകാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. കപുഗദരെയെ സഹീറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോനി ക്യാച്ച് എടുത്തപ്പോല്‍ ചമരസില്‍‌വ പ്രവീണ്‍ കുമാറിന്‍റെ പന്തില്‍ വിരാട് കോഹ്‌ലി പിടിച്ച് പുറത്താകുകയായിരുന്നു.

ചെറുത്തു നില്‍പ്പ് നടത്തുമെന്ന് പ്രതീക്ഷിച്ച ജയസൂര്യയെയെയും സാഹീര്‍ തന്നെ പുറത്താക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുമ്പോള്‍ ജയസൂര്യയുടെ സമ്പാദ്യം 13 റണ്‍സായിരുന്നു. ലങ്കന്‍ നിരയില്‍ അവശേഷിച്ച ഏക അംഗീകൃത ബാറ്റ്സ്മാനായ തിലകരത്ന ദില്‍‌ഷന്‍ പതിനേഴാം ഓവറില്‍ ഇര്‍ഫാന്‍ പത്താന്‍റെ പന്തില്‍ ബഥരീനാഥ് ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ ലങ്കയുടെ സ്കോര്‍ 44 റണ്‍സ് മാത്രമായിരുന്നു.

പിന്നീട് നുവാന്‍ കുലശേഖരയും തുഷാരയും ചേര്‍ന്നാണ് ലങ്കന്‍ സ്കോര്‍ അമ്പത് കടത്തിയത്. തളാരാതെ പൊരുതിയ ഇരുവരും ലങ്കന്‍ സ്കോര്‍ 118ല്‍ എത്തിച്ചതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. ഇരു താരങ്ങളും മടങ്ങിയ ശേഷം ഫെര്‍ണാണ്ടോയും മുരളീധരനും ചേര്‍ന്നാണ് ലങ്കയെ 142 റണ്‍സ് എന്ന നിലയില്‍ എത്തിച്ചത്. അജാന്താ മെന്‍ഡിസ് റണ്ണൊന്നും എടുക്കാതെയും ഫെര്‍ണാണ്ടോ 12 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ മുരളി 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി പ്രവീണ്‍ കുമാര്‍ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇര്‍ഫാന് ഒരു വിക്കറ്റ് ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :