തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം

എ കെ ജെ അയ്യര്‍

thiruvalla Sree vallabha temple
WDWD
നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളിലൊന്നാണ് തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രം. ശ്രീവല്ലഭനെന്നാല്‍ ശ്രീയുടെ വല്ലഭന്‍ - മഹാവിഷ്ണു എന്നര്‍ഥം. ഈ ക്ഷേത്രത്തില്‍ രണ്ട് പ്രധാന മൂര്‍ത്തികളുണ്ട്. ഒന്ന് ശ്രീവല്ലഭനും മറ്റൊന്ന് സുദര്‍ശന മൂര്‍ത്തിയുമാണ്.

കളിമണ്ണും ദര്‍ഭയും മണല്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക കൂട്ടുകൊണ്ടാണ് ഇവിടത്തെ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. ഈ ക്ഷേത്രത്തില്‍ ആദ്യം സുദര്‍ശന പ്രതിഷ്ഠയായിരുന്നു എന്നും ശ്രീവല്ലഭനെ പിന്നീട് പ്രതിഷ്ഠിച്ചതായിരിക്കും എന്നുമാണ് ഒരു വിശ്വാസം.

നേത്രാവദി നദിയില്‍ മുങ്ങിക്കിടന്നിരുന്ന വിഷ്ണു വിഗ്രഹം പിന്നീട് പുഴ മാര്‍ഗ്ഗം ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് കരുതുന്നത്. ഈ ക്ഷേത്രത്തിന്‍റെ പഴയ പേര് തിരുവല്ല വാഴപ്പന്‍ എന്നായിരുന്നു.

ഇവിടത്തെ പ്രധാന നിവേദ്യം പടറ്റിപ്പഴമാണ്. അതുകൊണ്ടാണോ വാഴപ്പന്‍ എന്ന പേര് വന്നത് എന്ന് നിശ്ചയമില്ല. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയായതു കൊണ്ട് പിന്നീടത് ശ്രീവല്ലഭ എന്ന് മാറ്റിയതാകാനാണ് സാധ്യത.

പത്തനം‌തിട്ടയിലെ പ്രധാന താലൂക്കാണ് തിരുവല്ല. തിരുവല്ല - കായം‌കുളം റോഡില്‍ രാമപുരം കവലയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ശ്രീവല്ലഭ ക്ഷേത്രം. ചുറ്റും പുഴകളും തോടുകളും ആയതുകൊണ്ടാവാം നാലു ദിക്കില്‍ നിന്നും പാലങ്ങള്‍ കടന്നുവേണം ക്ഷേത്രത്തിലെത്താന്‍.

കിഴക്കോട്ടാണ് ശ്രീവല്ലഭ മൂര്‍ത്തിയുടെ ദര്‍ശനം. പടിഞ്ഞാറ്റ് സുദര്‍ശന മൂര്‍ത്തിയുടേതും. ക്ഷേത്രത്തിനു മുന്നിലെ പ്രധാന ഗോപുരത്തില്‍ മഹാവിഷ്ണുവിന്‍റെ രൂപം കാണാം. വടക്കേ ഗോപുരം മാത്രം ആണ്ടിലൊരിക്കല്‍ മാത്രമേ തുറക്കാറുള്ളു.

എട്ടേക്കര്‍ വരുന്ന ക്ഷേത്ര വളപ്പിനകത്ത് കടന്നാല്‍ വലിയൊരു സ്തൂപമുണ്ട്. അതിനു മുകളില്‍ ഒരു സുവര്‍ണ്ണ ഗരുഢനേയും കാണാം. അതിനു തൊട്ടടുത്ത് ബലിക്കല്‍ പുരയും സ്വര്‍ണ്ണ കൊടിമരവും.

ക്ഷേത്രത്തിനടുത്തുള്ള ചം‌ക്രോത്ത് മഠത്തില്‍ വിഷ്ണു ഭഗവാന്‍ ബ്രഹ്മചാരിയായി എത്തിയെന്നും തന്‍റെ ശ്രീചക്രത്തെ സുദര്‍ശന മൂര്‍ത്തിയായി പടിഞ്ഞാറ്റ് പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :