ഓരോ മനുഷ്യനും പൊട്ടക്കുളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന്, മതാന്ധതയുടെ ലോകത്തു നിന്ന് വിളിച്ചു പറഞ്ഞ മഹാനുഭാവനായ ഒരു വേദാന്തിയുടെ നൂറ്റിനാല്‍പ്പത്തെട്ടാം ജന്മദിനമാണ് 2008 ജനുവരി 12.
ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ജനഹൃദയങ്ങളെ തന്റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ സ്വാമി വിവേകാനന്ദന്.
1863 ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്ക്കാലത്ത് വിവേകാനന്ദന് എന്ന് പ്രശസ്തനായിത്തീര്‍ന്ന നരേന്ദ്രന് ജനിച്ചു.
മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന് കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്. ഇഷ്ടദേവനായ ശിവന്റെ അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു.
അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരന് രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്റെ ശീലമായിരുന്നു.