ബുദ്ധന്‍റേത് മധ്യമമാര്‍ഗ്ഗം

WEBDUNIA| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2007 (12:30 IST)

ബുദ്ധമതത്തില്‍ ഒട്ടേറെ സാരോപദേശങ്ങള്‍ ഉണ്ട്. അത് അതി സന്തോഷത്തിന്‍റേയോ അതീവ ദു:ഖത്തിന്‍റെയോ അല്ല. കാരണം ബുദ്ധന്‍ വിശ്വസിച്ചിരുന്നത് മധ്യമ മാര്‍ഗ്ഗത്തിലാണ്. ഇവിടെ സ്വയം ആഹ്ലാദമോ സ്വയം പീഢനമോ നടക്കുകയില്ല.

അവനവന്‍റെ അകത്തെ സ്വാര്‍ത്ഥതയെ കീഴടക്കിയാല്‍ മാത്രമേ വിഷയാസക്തിയില്‍ നിന്ന് മോചനം സാധ്യമാവൂ. അപ്പോഴേ ഒരാള്‍ ലൈംഗിക സുഖങ്ങള്‍ മോഹിക്കാതിരിക്കു.

മോഹങ്ങള്‍ മനസ്സിനെ എപ്പോഴും മലിനമാക്കുന്നു. ശരീരത്തിന്‍റെ ആവശ്യത്തിനനുസരിച്ച് തിന്നുകയും കുടിക്കുകയും ചെയ്യാം. പക്ഷെ, വിഷയാസക്തി ശരീര ശക്തിയെ ക്ഷയിപ്പിക്കുക തന്നെ ചെയ്യും. വിഷയാസക്തനായ ഒരാള്‍ വികാരങ്ങള്‍ക്ക് അടിമയായിരിക്കും.

സുഖം അന്വേഷിച്ചു പോവുക എന്നത് ഹീനവും പ്രാകൃതവുമായ ഒരു ഏര്‍പ്പാടാണെന്നാണ് ബുദ്ധന്‍ പറഞ്ഞുവച്ചത്. എന്നാല്‍ ജീവിത ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തെറ്റില്ല. കുട്ടികള്‍ ജനിക്കാന്‍ ലൈംഗിക വൃത്തി ആവാം. എന്നാല്‍ സുഖാനുഭവം എന്ന നിലയില്‍ ലൈംഗികവേഴ്ച നടത്തുന്നത് ശരിയല്ല.

പരിവ്രാചകരോട് ബുദ്ധന്‍ പറയുന്നു, രണ്ട് പരമകാഷ്ഠകളേയും മനുഷ്യന്‍ ഒഴിവാക്കേണ്ടതാണ് എന്നറിയുക. അധമ വികാരങ്ങള്‍ ഉണര്‍ത്തുന്ന വസ്തുക്കളില്‍ താത്പര്യം കാണിക്കുന്നതും അവയുടെ ഉപയോഗം കൊണ്ട് സംതൃപ്തി നേടുന്നതും ഹീനവും നിഷ്പ്രയോജനവുമാണ്.

അതുപോലെ തന്നെ സ്വയം പീഢിപ്പിക്കുകയും എല്ലാം ത്യജിച്ച് സന്യാസിയാവുകയും ചെയ്യുന്നതും നിഷ്പ്രയോജനകരമാണ്. രണ്ടിനുമിടയ്ക്കുള്ള മധ്യമ മാര്‍ഗ്ഗമുണ്ട്. അതാണ് ബുദ്ധന്‍ ഉപദേശിക്കുന്നത്.

അഹിംസയുടെ കാര്യത്തിലും ബുദ്ധന്‍ മധ്യമമാര്‍ഗ്ഗക്കാരനാണ്. ബുദ്ധന്‍റെ കാലത്ത് ഹിന്ദുമതത്തില്‍ യാഗങ്ങളും ബലിദാനവും ഹിംസയും ഉണ്ടായിരുന്നു. അതിനെതിരെ ജൈനമതം പൂര്‍ണ്ണമായ അഹിംസയ്ക്ക് വേണ്ടി നിലകൊണ്ടു. എന്നാല്‍ ബുദ്ധമതം മധ്യവര്‍ത്തികളായാണ് മാറിയത്.

ബുദ്ധന്‍ ജീവികളെ കൊല്ലരുത് എന്ന് ഉപദേശിച്ചെങ്കിലും മരിച്ചവയെ തിന്നരുത് എന്ന് ഉപദേശിച്ചിട്ടില്ല. അതുകൊണ്ട് ബുദ്ധമതം സാധാരണക്കാര്‍ക്ക് കൂടുതല്‍ സ്വീകാര്യമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :