സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 സെപ്‌റ്റംബര്‍ 2024 (12:57 IST)
വളരെ വേഗത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന പായസമാണ് ചെറുപയര്‍ പായസം. സേമിയ, അടപ്രഥമന്‍ തുടങ്ങിയ സാധനങ്ങളൊന്നും വീട്ടില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടാക്കാന്‍ കഴിയുന്ന പായസം ചെറുപയര്‍ ആയിരിക്കും. എങ്ങനെയാണ് മധുരമൂറുന്ന സ്വാദിഷ്ടമായ ചെറുപയര്‍ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയറു പരിപ്പ് രണ്ടു കപ്പ്
ചവ്വരി കാല്‍ കപ്പ്
തേങ്ങാപാല്‍
തലപ്പാല്‍ രണ്ടു കപ്പ്
രണ്ടാം പാല്‍ ആറു കപ്പ്
മൂന്നാം പാല്‍ ഒമ്പതു കപ്പ്
ഉപ്പു രസമില്ലാത്ത ശര്‍ക്കര അര കിലോ
ജീരകം പൊടിച്ചത് അര ടീസ്പൂണ്‍
ചുക്കുപൊടി/ എലക്കപൊടി അര ടീസ്പൂണ്‍
തേങ്ങാക്കൊത്തു നെയ്യില്‍ മൂപ്പിച്ചത് അര കപ്പ്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോള്‍ ചെറു പയറു പരിപ്പിട്ടു വാസന വരത്തക്കവിധം വറുക്കുക. പരിപ്പു കഴുകി വൃത്തിയാക്കി, മൂന്നാംപാല്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ ഇടുക. പരിപ്പു മുക്കാലും വെന്തു കലങ്ങിയെങ്കില്‍ മാത്രമേ പായസത്തിനു സ്വാദു കാണുകയുള്ളൂ. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചു കുറുക്കി പാനിയാക്കി വെന്ത പരിപ്പില്‍ ഒഴിച്ചിളക്കി കുറുക്കുക.
നല്ലതുപോലെ കുറുകിയാലുടന്‍ രണ്ടാം പാലും കഴുകി വൃത്തിയാക്കിയ ചവ്വരിയും ചേര്‍ക്കുക. ചവ്വരി വെന്തു പായസം പകുതി വറ്റുമ്പോള്‍ വാസനയ്ക്കുള്ളതു തലപ്പാലില്‍ കലക്കിച്ചേര്‍ക്കുക. ഇത് ഒന്നു തിളച്ചാലുടന്‍ മൂപ്പിച്ച തേങ്ങ ചേര്‍ത്തു വാങ്ങി കുറേ നേരം പായസം ഇളക്കി കൊണ്ടിരിക്കണം. മൂപ്പിച്ച തേങ്ങ ചേര്‍ക്കാതെയും ഈ പായസം തയ്യാറാക്കാം.