ജയരാജ് ഓണം കാണുകയാണ്

ടി പ്രതാപചന്ദ്രന്‍

WEBDUNIA|
ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലും ഒക്കെക്കൂടി ആകര്‍ഷകമാക്കിയ ഓണക്കാലം വിരുന്നുകാര്‍ വരുന്നതിന്റെയും വിരുന്നു പോവുന്നതിന്റെയും സന്തോഷം കൂടി പകര്‍ന്നു തന്നിരുന്നു എന്നും ജയരാജ് ഓര്‍മ്മകളില്‍ മുഴുകി പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, ഇപ്പോഴോ? ഓണമെന്ന് പറയുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരയടിക്കുമെങ്കിലും പുറമെ ഓണത്തെ ‘മിസ്’ ചെയ്യുകയാണ് ഈ പ്രതിഭ.

മദ്രാസില്‍ സിനിമ പഠിക്കാന്‍ പോയ കാലത്താണ് ജയരാജ് ആദ്യമായി ഓണം ‘മിസ്’ ചെയ്തത്. അന്ന് തമിഴ്നാട്ടിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോള്‍ ഇങ്ങകലെ കോട്ടയത്ത് ഓണാ‍ഘോഷം നടക്കുന്നതോര്‍ത്ത് വിഷമിച്ചത് ഇന്നും മറക്കാനാവുന്നില്ല. ഇത്തരമൊരു ഓണവികാരം പുതുതലമുറയ്ക്ക് ലഭിക്കാത്തതിലുള്ള വിഷമവും ജയരാജിന്റെ സ്വരത്തില്‍ അറിയാനാവുമായിരുന്നു.

പത്രത്തിലും ടിവിയിലുമായി ഒതുങ്ങിയ ഓണത്തെ മാറി നിന്ന് കാണാനേ തരമുള്ളൂ എന്നാണ് ജയരാജ് കരുതുന്നത്. ഓണത്തോട് ഇപ്പോഴത്തെ കുട്ടികള്‍ക്കുണ്ടായ അകലം ഇദ്ദേഹത്തെ കുറച്ച് വിഷമിപ്പിക്കുന്നുമുണ്ട്. ഒരിക്കല്‍, ഓണത്തിന് വീട്ടില്‍ ടിവി ഓണാക്കാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കുട്ടികളുമൊത്ത് വീടിനു വെളിയിലുള്ള കളികളായിരുന്നു ആ ഓണക്കാലത്തെ പ്രധാന പരിപാടി. ഊഞ്ഞാലാടിയും പൂക്കളമിട്ടും അന്ന് ആഘോഷിച്ചതിന്റെ ഓര്‍മ്മ ഇന്നും ജയരാജിന്റെ മനസ്സില്‍ ഓണനിലാവായി മാറുന്നു.

പക്ഷേ, എന്നും കര്‍ശന നിര്‍ദ്ദേശത്തിലൂടെ കുട്ടികളെ ടിവിയുടെ മുന്നില്‍ നിന്ന് മുറ്റത്തെ പൂക്കളത്തിനു സമീപത്തേക്ക് ഇറക്കാന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. കുട്ടികളുടെ ആവശ്യപ്രകാരം നടത്തുന്ന യാത്രകളാണ് (വാട്ടര്‍ തീം പാര്‍ക്ക് പോലെയുള്ള ഇടങ്ങള്‍) ഇപ്പോഴത്തെ ഓണങ്ങളുടെ ആഘോഷം. അത് കുട്ടികള്‍ക്ക് വേണ്ടി മാത്രമാണെന്നും ജയരാജ് തിരിച്ചറിയുന്നു, ഓണാഘോഷം കൃത്രിമമായി മാറുന്നു എന്നും !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :