ഓണച്ചിന്തകള്‍

സക്കറിയ

PRATHAPA CHANDRAN|
ഇനിയുമൊരു നന്മ ഭക്ഷണപരമാണ്. തമിഴര്‍, കന്നടക്കാര്‍, തെലുങ്കര്‍ എന്നിവരെ അപേക്ഷിച്ച് ഭക്ഷണസംസ്കാരമായി തുലോം പിന്നോക്കമായ മലയാളികളില്‍ ഒരു നല്ല പങ്ക് ഓണത്തിന്‍റെ ഒന്നു രണ്ട് ദിവസങ്ങളില്‍ തരക്കേടില്ലാത്ത ഭക്ഷണം കഴിക്കുന്നതായി കാണാം.

തലസ്ഥാനമായ തിരുവനന്തപുരത്തു തന്നെ, വായില്‍വയ്ക്കാന്‍ കൊള്ളാവുന്ന ഭക്ഷണം ലഭിയ്കാന്‍ തമിഴരുടെ കടയില്‍ പോകണം എന്ന അവസ്ഥ നിലവിലിരിക്കെ, ഓണക്കാലത്ത് പാചകപരമായി ഉണ്ടാകുന്ന ചലനം തികച്ചും സ്വാഗാതാര്‍ഹമാണ്.

പൂക്കളനിര്‍മ്മാണം, ഊഞ്ഞാലാട്ടം, അന്പലത്തില്‍ പോക്ക് തുടങ്ങിയ കാര്യങ്ങള്‍, കുട്ടികള്‍
വളര്‍ന്ന് വലുതാകുന്പോള്‍ അവരുടെ ഓര്‍മ്മകളിലെ മധുരമുള്ള അംശങ്ങളായി മാറുന്നു. അവര്‍ അതില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്പോളാണ് ഓണസ്മരണ ചെകിടിക്കുന്ന പൈങ്കിളിയായിത്തീരുന്നത്. നമ്മുടെ പല എഴുത്തുകാരും എഴുത്തുകാരികളും ഈ പ്രമേഹത്തിനടിമയായിത്തീരുന്നത് സാധാരണ കാഴ്ചയാണ്.

ഓണത്തിന്‍റെ പ്രധാനപ്രശ്നമായി ഞാന്‍ കാണുന്നത്, ""പണ്ട് എല്ലാം ഒന്നാന്തരമായിരുന്നു,
ഇന്ന് ഒന്നും ശരിയല്ല'' എന്ന പാരന്പര്യവാദികളുടെ രോദനത്തെ നിലനിര്‍ത്താന്‍ മാധ്യമങ്ങളെ
അത് സഹായിക്കുന്നു എന്നതാണ്.

വാസ്തവത്തില്‍ മാവേലി നാടുവാണ കാലത്ത് ജീവിക്കാന്‍ എത്ര പ്രയാസമായിരുന്നിരിക്കണം എന്ന് ആര്‍ക്കും ആലോചിക്കാവുന്നതേയുള്ളൂ. സെല്‍ഫോണില്ല. എന്‍ട്രന്‍സ് പരീക്ഷയില്ല. ക്ഷേത്രപ്രവേശനമില്ല. അമൃതാനന്ദമയിയോ രവിശങ്കറോ ഇല്ല. എന്തൊരു ജീവിതം! അച്യുതാനന്ദനില്ല. അമൃതാഎക്സ്പ്രസ് പോലുമില്ല. ഒ.രാജഗോപാലന്‍റെ കാര്യം
പറയാനുമില്ല.

രണ്ട് നന്മകള്‍ കൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഒന്ന് : ഓണക്കാലത്ത്, മലയാളികള്‍, എങ്ങനെയെന്നറിഞ്ഞുകൂട, ധാരാളം പണം ചെലവാക്കുന്നു. അങ്ങനെ കച്ചവടക്കാര്‍ക്കും
മറ്റും നല്ല കുശാലാണ്. അവര്‍ ഈ ലാഭമുപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുകയും അങ്ങനെ സ്വര്‍ണക്കച്ചവടത്തെ മന്ത്രിസ്ഥാനത്തേക്കാള്‍ നല്ല കച്ചവടമാക്കി മാറ്റുകയും ചെയ്യുന്നു.

രണ്ട്: ഓണാഘോഷം സര്‍ക്കാര്‍ നടത്തുന്നതിനാല്‍ കലാപരിപാടികള്‍ സൗജന്യമാണ്. തന്മൂലം മധ്യവര്‍ഗങ്ങള്‍ കൂട്ടം കൂട്ടമായി വന്ന് ഈ വക പരിപാടികള്‍ കാണുകയും തങ്ങള്‍ സംസ്കാരസന്പന്നരായി എന്ന വിശ്വാസത്തോടെ, വീടു പറ്റുകയും ചെയ്യുന്നു.

അങ്ങനെയാണ് ജീവിതത്തില്‍ സംസ്കാരം ആവശ്യമില്ല, വേദികളില്‍ കലാപരിപാടികള്‍ കണ്ടാല്‍ മതി എന്ന കുറുക്കു വഴി മലയാളികള്‍ കണ്ടെത്തിയത്. ആനന്ദലബ്ധിക്കിനിയെന്തുവേണം?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :