എന്നിട്ടും ഇല്ലത്തിനുള്ളില്‍ അവര്‍ക്കു പ്രവേശനമില്ല. ജാതിയുടെ വിടവുകളെക്കുറിച്ച് സുമിത്രയ്ക്ക് അറിയില്ലായിരുന്നു. അവള്‍ അവരോടു കൂട്ടു ചേര്‍ന്നു കളിച്ചു. പക്ഷേ കുളിക്കാതെ ഇല്ലത്തെ ഉമ്മറപ്പടിയില്‍ ചവിട്ടരുതെന്ന് അമ്മ വിലക്കിയിരുന്നത് ബാല്യത്തിന്‍റെ ഓര്‍മ്മ.
ഓണവും വിഷുവും തിരുവാതിരയും തൃക്കാര്‍ത്തികയുമൊക്കെ പറിച്ചെടുത്ത് മനസ്സ് ശൂന്യമാക്കിയതാരാണ്? എന്നോ ഒരിക്കല്‍ അതു സംഭവിച്ചു. കൊയ്ത്തുകഴിഞ്ഞ് ഇല്ലത്ത് പുന്നെല്ലു വാരിക്കൂട്ടുന്നത് അവസാനിച്ചു. ഓണത്തിന് കാഴ്ച്ചക്കുലകളുടെ വരവും നിലച്ചു. കുഞ്ഞിക്കേളന്‍റെയും കൂട്ടരുടെയും പുലിവേഷങ്ങള്‍ക്കു കാത്തിരുന്നതും വെറുതെയായി.
ഇല്ലത്തെ ഉമ്മറത്ത് അച്ഛന്‍റെ ചൈതന്യരുപം മാഞ്ഞ് നിഴലായി ഒതുങ്ങി. അറപ്പുര ശൂന്യമാവുകയും അടുക്കളയില്‍ ഓട്ടുപാത്രങ്ങളുടെ കലന്പല്‍ നിലയ്ക്കുകയും ചെയ്തു. ഇല്ലത്തിനുള്ളില്‍ നിശ്ശബ്ദത ഘനീഭവിച്ചു. മടുപ്പിക്കുന്ന ഏകാന്തതയില്‍ സുമിത്രയ്ക്കു ശ്വാസ തടസ്സം നേരിട്ടു.
പിന്‍വാതിലിലൂടെ പുറത്തു കടന്ന് വയല്‍വരന്പിലൂടെ നടന്നു. ചേറണിപ്പാടത്ത് കൊറ്റികള്‍ തപസ്സിരിക്കുന്നു. കാട്ടുചോലയ്ക്കരികില്‍ ഒറ്റയ്ക്കിരുന്നു. കവിള്‍ത്തടത്തിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പോലെ നേര്‍ത്ത പുഴ ദീനയായി ഒഴുകി.
അതു നോക്കിയിരിക്കേയാണ് ആ സാന്ത്വനത്തിന്‍റെ സ്വരം തേടിവന്നത്. അത് കാറ്റിന്‍റെ തലോടല്‍ പോലെയോ കാട്ടുപൂവിന്‍റെ പരിമളം പോലെയോ പുഴയുടെ തരളിതഗാനം പോലെയോ ആയിരുന്നു.