‘ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കറുത്തവര്‍’ - ശരത് യാദവിന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം

ന്യൂഡല്‍ഹി| Last Modified ശനി, 14 മാര്‍ച്ച് 2015 (10:55 IST)
ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കറുത്തവരാണെന്ന് പറഞ്ഞ ജനതാദള്‍ യു നേതാവ് ശരത് യാദവ് വിവാദത്തില്‍. രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്ലിനെക്കുറിച്ച് നടന്ന ചര്‍ച്ചക്കിടെയാണ് ശരത് യാദവ് വിവാദപ്രസ്താവന നടത്തിയത്.

ചര്‍ച്ചയ്ക്കിടെ വിദശ നിക്ഷേപം 26ല്‍ നിന്ന് 49 ശതമാനമാക്കാനുള്ള നിര്‍ദ്ദേശം വെളുത്ത തൊലിയോടുള്ള ഭ്രമത്തിന്‍റെ ലക്ഷണമാണെന്നും വിവാദമായ ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമന്‍ററിയുടെ സംവിധായികയ്ക്ക്‌ പെട്ടെന്ന് അനുമതി ലഭിച്ചത് അവര്‍ വെളുത്തയാളായതു കൊണ്ടാണെന്നും പറഞ്ഞു. ഇതുകൂടാതെ ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ കറുത്തവരാണെങ്കിലും സുന്ദരികളാണെന്നും ശരത് യാദവ് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ശരത് യാദവ് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാകമ്മീഷനും രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ മുതിര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ നടത്താന്‍ പാടില്ലാത്തതാണെന്നും ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേ‍ഴ്സണ്‍ ബര്‍ഖ ശുക്ല ആരോപിച്ചു.

പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ശരദ് യാദവിനെതിരെ ഉയര്‍ന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നുള്ള നിലപാടിലാണ് ശരദ് യാദവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :