വാരണാസിയിലെ ഹനുമാന് ഘട്ടില്‍ കാമകോടീശ്വരനെ സാക്ഷിയാക്കി വരുണ്‍ ഗാന്ധി ബംഗാളി സുന്ദരിയായ യാമിനി റോയിയുടെ കഴുത്തില്‍ മംഗല്യസൂത്രമണിയിച്ചു. എന്നാല്‍, ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്ന് ആരുമെത്തിയില്ല എന്നത് ശ്രദ്ധേയമായി.
പാരമ്പര്യ വേഷമായ ദോത്തിയും കുര്‍ത്തയും ധരിച്ചാണ് വരുണ്‍ എത്തിയത്. ഇന്ദിരാഗാന്ധി മരുമകള്‍ മേനകയ്ക്ക് സമ്മാനിച്ച പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു യാമിനിയുടെ വിവാഹവേഷം. ഗുജറാത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമെത്തിയ ടണ്‍കണക്കിന് പൂക്കള്‍ സുഗന്ധം പരത്തിയ ചടങ്ങുകള്‍ക്ക് ഷെഹനായി സംഗീതവും അകമ്പടിയായി.
ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് കാമകോടീശ്വര് ക്ഷേത്രത്തിലെ പുരോഹിതരാണ് കര്‍മ്മികത്വം വഹിച്ചത്. തുടര്‍ന്ന്, മുപ്പതുകാരനായ വരുണിനും ഇരുപത്തെട്ടുകാരിയായ യാമിനിക്കും അതിഥികള്‍ ആശംസകള്‍ നേര്‍ന്നു.
നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന്റെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ ആറരയ്ക്ക് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ആരംഭിച്ച ചടങ്ങുകള്‍ ഒമ്പതുമണിവരെ നീണ്ടു.
പിലിബിറ്റ് എം പി ആയ വരുണും യാമിനിയും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അടുത്ത പരിചയമുണ്ടായിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദമെടുത്ത യാമിനി ഫ്രാന്‍സിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ് കോഴ്സും പാസായിട്ടുണ്ട്.
വിവാഹത്തിന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹിയില്‍ മാര്‍ച്ച് എട്ടിനു നടത്താനിരുന്ന വിവാഹവിരുന്ന് മേനകാഗാന്ധിയുടെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.