പ്രധാനമന്ത്രി: സോണിയയെ തള്ളിയിട്ടത് ഇടത്?

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഇടതുപക്ഷത്തിന്റെ ചരടുവലികളാണ് സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രി പദം നഷ്‌ടപ്പെടാന്‍ കാരണമെന്ന് മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജറാള്‍. സോണിയ വിദേശിയാണെന്ന മുലായം സിംഗ് യാദവിന്റെ വാദമാണ് അവരെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അകറ്റി നിര്‍ത്തിയത് എന്നാണ് ഇതുവരെ വിശ്വസിച്ചുപോന്നിരുന്നത്. ഇത് ശരിയല്ലെന്നും ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ ഇടങ്കോലിട്ടതെന്നുമാണ് ഗുജറാളിന്റെ നിരീക്ഷണം.

തന്റെ ആത്മകഥയായ 'മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷന്‍' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാജ്പേയി സര്‍ക്കാരിന് ഒരു വോട്ടിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ഈ സംഭവങ്ങള്‍.

വാജ്പേയി മന്ത്രിസഭ താഴെ വീണ ശേഷം സോണിയ തന്നെ കാണാന്‍ എത്തിയിരുന്നു. പിന്തുണ തേടിയായിരുന്നു അത്. താന്‍ പിന്തുണയ്ക്കുന്നതില്‍ കാര്യമില്ലെന്നും അവസാന നിമിഷത്തില്‍ ഇടതുപക്ഷത്തുള്ള ചില സുഹൃത്തുക്കള്‍ തന്നെ സോണിയയെ തള്ളിപ്പറയുമെന്നും അവരോട് പറഞ്ഞിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പിന്തുണയുണ്ടാകുമെന്ന് സോണിയ വിശ്വസിക്കുന്നുവെങ്കില്‍ അത് അബദ്ധമാണെന്ന് അവരോട് പറഞ്ഞിരുന്നതായും ഗുജറാളിന്റെ ആത്മകഥയില്‍ പറയുന്നു.

എന്നാല്‍, ഗുജറാള്‍ കള്ളം പറയുകയാണെന്നാണ് സിപിഎമ്മിന്റെ വാദം. സ്ഥാനാര്‍ത്ഥിയാവാന്‍ ഗുജറാള്‍ സ്വയം ഒരുങ്ങുകയായിരുന്നെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

ശരദ് പ‌വാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരു സംഘമാണ് സോണിയയ്ക്ക് പാര പണിതതെന്നാണ് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ കണ്ടെത്തല്‍. പവാര്‍ അന്നു പ്രതിപക്ഷ നേതാവായിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പാണ് എന്‍സിപി രൂപീകരിക്കുന്നതിലേക്ക് നയിച്ചതെന്നും യച്ചൂരി ചൂണ്ടിക്കാട്ടി.

പവാറാണ് പി എ സാംഗ്‌മയെക്കൊണ്ട് സോണിയയ്ക്കെതിരായി സംസാരിപ്പിച്ചതെന്ന് മറ്റൊരു ഇടതുപക്ഷ അംഗം ഓര്‍ക്കുന്നു. ഈസമയം മുലായവും കൂടെക്കൂടുകയായിരുന്നു. മുലായം തന്നെയാണ് ജ്യോതി ബസുവിന്റെ പേരും നിര്‍ദ്ദേശിച്ചത്. എന്നാല്‍, 1996ല്‍ സിപിഎം കേന്ദ്രകമ്മിറ്റി തന്നെ ബസു പ്രധാനമന്ത്രിയാകേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്തായാലും, ഗുജറാളിന്റെ നിരീക്ഷണങ്ങള്‍ പുത്തന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :