സോണിയ - ഇമാം കൂടിക്കാഴ്ച; പരാതി കിട്ടിയാല്‍ നടപടി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാം സയ്യിദ് അഹമ്മദ് ബുഖരിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സന്ദര്‍ശിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ പരിഗണിക്കാമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വി എസ് സമ്പത്ത് അറിയിച്ചു. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കിലും പരാതിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതുസംബന്ധിച്ച് നരേന്ദ്രമോഡിയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, പരാതി ലഭിച്ചാല്‍ ഉറപ്പായും പരിശോധിച്ച് നടപടി ആവശ്യമെങ്കില്‍ എടുക്കുമെന്നും സമ്പത്ത് അറിയിച്ചു.

മുസ്ലിം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി വോട്ടുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍‌ഗ്രസ് മതരാഷ്ട്രീയം കളിക്കുകയാണെന്നും അവരുടേത് വ്യാജ മതേതരത്വമാണെന്നും ബിജെപി ആരോപിച്ചു.

ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മതാടിസ്ഥാനത്തില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :