സുപ്രീംകോടതി വിഭജിക്കേണ്ടന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി| WEBDUNIA|
സുപ്രീംകോടതിക്ക് പ്രാദേശിക ബഞ്ചുകള്‍ രൂപീകരിക്കണമെന്ന ലോ കമ്മീഷന്‍ ശുപാര്‍ശ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞു. സുപ്രീംകോടതിയെ വിഭജിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കാനാവില്ല എന്നും ചീഫ് ജസ്റ്റിസ് ശനിയാഴ്ച പറഞ്ഞു.

രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് സുപ്രീംകോടതി സ്ഥാപിക്കുന്നതിനോട് യോജിക്കുന്നില്ല. രാജ്യത്തെ പരമോന്നത നീതിപീഠമാണിത്. അത് രാജ്യത്തിന്റെ തലസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. നാം പരമോന്നത കോടതിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ സുപ്രീംകോടതി ഭരണഘടനാ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ബഞ്ചായി മാറ്റണമെന്നും ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സുപ്രീംകോടതി ബഞ്ചുകള്‍ സ്ഥാപിക്കണമെന്നും കഴിഞ്ഞ വര്‍ഷമാണ് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിലവില്‍, സുപ്രീംകോടതിയില്‍ 50,000 ല്‍ അധികം കേസുകളാണ് കെട്ടിക്കിടക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. സുപ്രീംകോടതിയില്‍ മൊത്തം 31 ജസ്റ്റിസുമാരാണ് വേണ്ടത്. എന്നാല്‍, ഇപ്പോള്‍ 26 ജസ്റ്റിസുമാര്‍ മാത്രമാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :