പ്രതിഷേധിക്കാന്‍ അവകാശമുണ്ട്: ചീഫ്ജസ്റ്റിസ്

ന്യൂഡല്‍ഹി| WEBDUNIA|
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണു ബന്ദ് എന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

തമിഴ് നാട്ടില്‍ ബുധനാഴ്ച ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തടയാന്‍ സര്‍ക്കാരിന് അടിയന്തിര നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഇന്ന്, സുപ്രീം കോടതിയുടെ ഈ പ്രഖ്യാപനം. ശ്രീലങ്കയിലെ തമിഴ്‌വംശജരോട്‌ അനുഭാവം പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് ഇന്ന് തമിഴ്നാട്ടിലെ ബന്ദ്‌.

തമിഴ്‌ ഈഴം പ്രൊട്ടക്ഷന്‍ മൂവ്മെന്‍റ് ആഹ്വാനം ചെയ്ത തമിഴ്‌നാട്‌ ബന്ദിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണു പരമോന്നതകോടതിയുടെ നിരീക്ഷണം. 1997ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണു തമിഴ്‌ ഈഴം മൂവ്മെന്‍റിന്‍റെ നീക്കമെന്നാരോപിച്ച്‌ സാമൂഹ്യപ്രവര്‍ത്തകന്‍ ജെ സതീഷ്കുമാറാണു ഹര്‍ജി നല്‍കിയത്. എന്നാല്‍, ബന്ദിനെതിരേ ഉത്തരവു നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :