കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കല്‍ക്കരിക്കേസിലെ സിബിഐ റിപ്പോര്‍ട്ട് കണ്ട വിവരം സര്‍ക്കാര്‍ എന്തുകൊണ്ട് മറച്ചുവച്ചു എന്ന് കോടതി ചോദിച്ചു. സിബിഐ വിശ്വാസവഞ്ചന കാട്ടി എന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ക്ക് തകര്‍ച്ച സംഭവിച്ചിരിക്കുന്നു എന്നാണ് സുപ്രീംകോടതി ഈ സംഭവത്തെ വിലയിരുത്തിയത്. ഭരണതലത്തില്‍ വിശ്വാസച്ചോര്ച്ചയുള്ളതായി കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
സിബിഐയെ ബാഹ്യശക്തികളില്‍ നിന്ന് മോചിപ്പിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ യജമാനന്മാരുടെ സ്വാധീനം സിബിഐയുടെ മേല്‍ ഉണ്ടാകാന്‍ പാടില്ല എന്നും പറഞ്ഞു.
അതേസമയം കേസ് പരിഗണനയ്ക്ക് എടുക്കുന്നതിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ അറ്റോര്‍ണി ജനറന്‍ ജി ഇ വഹന്‍വതിക്കെതിരെ രംഗത്ത് എത്തി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് കേന്ദ്രനിയമമന്ത്രി അശ്വിനികുമാറിന് കൈമാറിയതുമായി ബന്ധപ്പെട്ട് എ ജി ഇടപെട്ടുവെന്നായിരുന്നു എഎസ്ജി ഹരിന്‍ റാവല്‍ ആരോപിച്ചത്. വിവാദത്തില്‍ തന്നെ മാത്രം ബലിയാടാക്കുകയാണെന്നും സത്യം മറനീക്കി പുറത്തുവരുമെന്നും എഎസ്ജി പറഞ്ഞു. എജിയുടെ നിര്‍ബന്ധപ്രകാരമാണ് സിബിഐ കല്‍ക്കരിപ്പാടം കേസിന്റെ റിപ്പോര്‍ട്ട് മന്ത്രി അശ്വിനികുമാറിന് കൈമാറിയത് എന്നാണ് സൂചനകള്‍. റിപ്പോര്‍ട്ട് കൈമാറിയിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും 20 ശതമാനത്തോളം തിരുത്തലുകള്‍ വരുത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയ റിപ്പോര്‍ട്ട്, വരുത്തിയ തിരുത്തുകളുടെ പട്ടിക എന്നിവ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സത്യവാങ്മൂലത്തിനൊപ്പം സുപ്രീംകോടതിയ്ക്ക് മുമ്പാകെ സീല്‍ ചെയ്ത കവറില്‍ തിങ്കളാഴ്ച ഹാജരാക്കിയിരുന്നു.
സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുക കൂടി ചെയ്തതോടെ പ്രധാനമന്ത്രിയുടേയും നിയമമന്ത്രിയുടേയും രാജിയ്ക്ക് സമ്മര്‍ദ്ദമേറും എന്ന് ഉറപ്പായി.