സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറി പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡയറക്ടര്‍ക്ക് സെക്രട്ടറി പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അധികാരം വേണമെന്ന സിബിഐയുടെ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ ബുധനാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറി പദവി നല്‍കുന്നത് ഭരണനിര്‍വഹണത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അത് നീതിന്യായ സംവിധാനത്തിന് ദോഷകരമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിബിഐ ഡയറക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാറിലെ സെക്രട്ടറിക്ക് തുല്യമായ ഗ്രേഡും ശമ്പളസെകയിലുമാണുള്ളത്. എന്നാല്‍, സിബിഐ ഡയറക്ടറുടെ അധികാരങ്ങളും പ്രവര്‍ത്തനവും സര്‍ക്കാറിലെ സെക്രട്ടറിയില്‍നിന്ന് വ്യത്യസ്തമാണ്. തുല്യമായ ശമ്പളവും മറ്റുമുള്ളതിനാല്‍ ഭരണപരമായ ഉത്തരവാദിത്വവും തുല്യമാണെന്ന് കരുതാനാവില്ല. ചട്ടങ്ങള്‍ പ്രകാരം ഒരു മന്ത്രാലയത്തിന്റെ തലവനാണ് സെക്രട്ടറിയെന്നും സര്‍ക്കാര്‍ പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം ഒരു കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാവുകളുടെ അനുമതി വേണം. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറി പദവി നല്‍കിയാല്‍ തത്പരകക്ഷിയെന്ന നിലയില്‍ വിരുദ്ധ താത്പര്യം ഇവിടെ പ്രശ്‌നമാകും.അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും മറ്റും സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് സ്വയംഭരണാധികാരം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

പേഴ്‌സണല്‍ മന്ത്രിയുടെ പക്കല്‍ നേരിട്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുംവിധം ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ നേരത്തേ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. നിര്‍ണായകമായ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് ഡയറക്ടര്‍ക്ക് അധികാരം നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :