ചെന്നൈ|
സജിത്ത്|
Last Modified ചൊവ്വ, 23 മെയ് 2017 (11:46 IST)
രജനീകാന്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ രംഗത്ത്. നിലവില്‍ തമിഴ്നാട്ടിലെ ഭരണ സംവിധാനം പാടേ തകര്‍ന്നു പോയ അവസ്ഥയാണെന്ന് കഴിഞ്ഞ ദിവസം നടന്ന ആരാധകസംഗമത്തില്‍ രജനീകാന്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തദ്ദേശ വകുപ്പു മന്ത്രി എസ്.പി. വേലുമണിയും സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജുവും കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ ഭരണ സംവിധാനത്തെ വിമര്‍ശിക്കുന്ന രജനി നാട്ടില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന് കണ്ണു തുറന്നു കാണണമെന്ന് മന്ത്രി എസ്.പി. വേലുമണി ആവശ്യപ്പെട്ടു. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍നിന്നു രാഷ്ട്രീയത്തിലേക്കു കടന്നു വന്ന ശരത്കുമാറിന്റേയും വിജയകാന്തിന്റേയും അവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നും ഇതെല്ലാം രജനി ഓര്‍ക്കുന്നത് നല്ലതാണെന്നും സെല്ലൂര്‍ കെ.രാജുവും പറഞ്ഞു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനിടെ തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേറ്റ പട ഇന്നലെ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയാണ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ മധുരയില്‍ രജനി ആരാധകരും രംഗത്തെത്തിയിരുന്നു.