സിംഗ്-ഗിലാനി കൂടിക്കാഴ്ച ഇന്ന്

തിംഫു| WEBDUNIA|
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയും തമ്മില്‍ വ്യാഴാഴ്ച ഭൂട്ടാനിലെ തിംഫുവില്‍ സാര്‍ക്ക് സമ്മേളനത്തിന്റെ ഇടവേളയില്‍ നടത്തും. മുംബൈ ഭീകരാക്രമണം നടന്നതിനു ശേഷമുള്ള രണ്ടാമത്തെ പ്രധാനമന്ത്രിതല കൂടിക്കാഴ്ചയാണിത്.

സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അവസാനഘട്ടത്തിലാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ ഇത്തവണയും 26/11 ആക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിക്കുമെന്നാണ് സൂചന.

ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പാകിസ്ഥാനില്‍ സ്വതന്ത്രരായി നടക്കുന്നതിലുള്ള അനൌചിത്യം ഇന്ത്യ ചൂണ്ടിക്കാണിക്കും. പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് ഇന്ത്യക്കെതിരെയുള്ള ആക്രമണ പദ്ധതികള്‍ അനുവദിക്കില്ല എന്ന പാക് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ കുറിച്ചും ഇന്ത്യ ചോദ്യമുന്നയിച്ചേക്കും.

അതേസമയം, ഇന്തോ-പാക് സെക്രട്ടറി തല ചര്‍ച്ചയില്‍ ഇന്ത്യ കൈമാറിയ രേഖകളില്‍ പുതിയ തെളിവുകള്‍ ഇല്ല എന്നാണ് പാകിസ്ഥാന്റെ നിലപാട്. മുംബൈ ഭീകരാക്രമണ കേസില്‍ മുന്നോട്ട് പോകണമെങ്കില്‍ ഇന്ത്യയില്‍ പിടിയിലായ അജ്മല്‍ അമിര്‍ കസബിനെയും ഫാഹിം അന്‍സാരിയെയും ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണം എന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

മുംബൈ ഭീകരാക്രമണത്തിനു ശേഷം 2009 ജൂലൈ 16 ന് ഷരം-എല്‍ ഷേക്കില്‍ വച്ച് ആണ് ഇരു പ്രധാനമന്ത്രിമാരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബിജെപിയും ശക്തമായി എതിര്‍ത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാന്‍ വിഷയം ഉള്‍പ്പെടുത്തിയത് രാജ്യത്ത് വന്‍ രാഷ്ട്രീയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇന്ത്യ ബലൂചിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്നായിരുന്നു പാക് ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :