അഹമ്മദാബാദ്|
WEBDUNIA|
Last Modified ഞായര്‍, 25 ജൂലൈ 2010 (10:14 IST)
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ തെരയുന്ന അമിത് ഷായെ അറസ്റ്റ് ചെയ്താലുടന്‍ ഗുജറാത്തിനു വെളിയിലെ ജയിലിലേക്ക് മാറ്റാന്‍ സിബിഐ ശ്രമിച്ചേക്കുമെന്ന് സൂചന. ഷായുടെ വിചാരണയും സംസ്ഥാനത്തിന് വെളിയില്‍ നടത്താനായിരിക്കും കേന്ദ്ര ഏജന്‍സി താല്പര്യപ്പെടുക.
ആഭ്യന്തര സഹമന്ത്രിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഷായെ സ്വന്തം സംസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ അത് കേസിനെ ബാധിക്കും എന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. ഇതിനോടകം സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഷായ്ക്ക് കേസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും സിബിഐ വാദിച്ചേക്കും.
മന്ത്രിസ്ഥാനം രാജി വച്ചു എങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഷാ അറസ്റ്റ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്. തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് വരെ അറസ്റ്റ് ഒഴിവാക്കാനാണ് ഷായുടെ ശ്രമം.
ബെസ്റ്റ് ബേക്കറി കേസിലും ബില്‍ക്കിസ് ബാനു കേസിലും തുടര്‍ന്ന നയമായിരിക്കും സിബിഐ ഈ കേസിലും പിന്തുടരുക. ബാഹ്യ ശക്തികള്‍ കേസന്വേഷണത്തെ സ്വാധീനിക്കുമെന്നു കണ്ടതിനാല്‍ ഈ കേസുകള്‍ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.