പ്രധാനമന്ത്രിക്ക് ഇനി ഭൂഗര്‍ഭ പാത

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (15:55 IST)
PTI
പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനായി ഔദ്യോഗിക വസതിയില്‍ നിന്ന് സഫ്ദര്‍ജംഗ് വിമാനത്താവളം വരെ ഭൂഗര്‍ഭ പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂഗര്‍ഭ പാത ഒരുക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ യാത്രാ സമയത്ത് നഗരത്തില്‍ ഉണ്ടാവുന്ന ഗതാഗത നിയന്ത്രണം ഇല്ലാതാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ഔദ്യോഗിക വസതിയായ റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സഫ്ദര്‍ജംഗ് വിമാനത്താവളം. ഡല്‍ഹിക്ക് അടുത്തുള്ള സന്ദര്‍ശനങ്ങള്‍ക്കായും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനും ഹെലികോപ്ടര്‍ സൌകര്യം ലഭിക്കാന്‍ പ്രധാനമന്ത്രി സഫ്ദര്‍ജംഗ് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.

റോഡുമാര്‍ഗ്ഗം കെമാല്‍ അത്താതുര്‍ക്ക് റോഡ്, സഫ്ദര്‍ജംഗ് റോഡ്, ഔറംഗബാദ് മാര്‍ഗ് വഴിയാണ് പ്രധാനമന്ത്രിക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഈ സമയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വാഹനയാത്രക്കാര്‍ക്ക് അസൌകര്യമുണ്ടാക്കും.

ഇപ്പോള്‍ ആലോചനയിലിരിക്കുന്ന ഭൂഗര്‍ഭ പാതയെക്കുറിച്ചുള്ള പദ്ധതിയൊരുക്കുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേപോലെതന്നെ, വിഐപി യാത്രക്കാര്‍ മൂലം വിമാനയാത്രികര്‍ക്ക് ഉണ്ടാവുന്ന അസൌകര്യങ്ങള്‍ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :