വിലക്കയറ്റം തടയാന്‍ പ്രതിജ്ഞാബദ്ധം: രാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2010 (12:08 IST)
PRO
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഭക്‍ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും വിദേശ ഇന്ത്യക്കാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉറപ്പാക്കുമെന്നും ബഡ്ജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

പഞ്ചസാര വില നിയന്ത്രിക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 30 ലക്ഷം ടണ്‍ അരിയും ഗോതമ്പും പൊതു വിപണിയില്‍ എത്തിക്കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല എന്ന് പറഞ്ഞ രാഷ്ട്രപതി തൊഴിലില്ലായ്മ പരിഹരിക്കാനും അനധികൃത സ്വത്ത് കണ്ടെടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പറഞ്ഞു. ഗ്രാമീണ മേഖലയില്‍ വരുമാനം വര്‍ദ്ധിച്ചു. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. 2011-2012 വര്‍ഷത്തില്‍ 8 ശതമാനം വളര്‍ച്ചയാണ് ലക്‍ഷ്യമിടുന്നത്.ആസിയാന്‍ കരാര്‍ ഏഷ്യയില്‍ ഇന്ത്യയുടെ നില ശക്തമാക്കി എന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

പകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതി അതിര്‍ത്തി കടന്നുള്ള തീവ്രവാദം വര്‍ദ്ധിക്കുന്നു എന്ന് വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കുമെന്നും മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിഭ പറഞ്ഞു. കശ്മീരില്‍ നുഴഞ്ഞുകയറ്റം ശക്തമായി. അതിര്‍ത്തി കടന്നുള്ള ഭീഷണികളെ നേരിടാന്‍ രാജ്യം സുസജ്ജമാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങി മെയ് ഏഴ് വരെ നീളും. റയില്‍‌വെ ബഡ്ജറ്റ് ഫെബ്രുവരി 24 ബുധനാഴ്ചയും പൊതു ബഡ്ജറ്റ് ഫെബ്രുവരി 26 വെള്ളിയാഴ്ചയും അവതരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :