രാജ്യസ്നേഹം ഉള്ളതിനാല്‍ സഹിക്കുന്നു: കമലഹാസന്‍

ചെന്നൈ| WEBDUNIA|
PRO
മാതൃരാജ്യമായ ഇന്ത്യയോട് തനിക്ക് സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടാണ് കൈക്കൂലിയും അഴിമതിയുമെല്ലാം സഹിക്കുന്നതെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമലഹാസന്‍ അഭിപ്രായപ്പെട്ടു. വേറെ വഴിയില്ലാത്തതിനാല്‍ അഴിമതിയും കൈക്കൂലിയും സഹിക്കേണ്ടി വരുന്ന ഇന്ത്യന്‍ ജനതയുടെ കോപം ഒരു ദിവസം പുറത്തുവരുമെന്നും അത് വലിയൊരു മാറ്റത്തിന് വഴിവയ്ക്കുമെന്നും കമല്‍ പറഞ്ഞു.

“സര്‍ക്കാര്‍ ഖജനാവിലേക്ക് പൊതുജനങ്ങള്‍ നികുതി കൊടുക്കുണ്ട്. എന്നാല്‍ ഈ നികുതിപ്പണത്തിന് അനുപാതമായ രീതിയില്‍ ഒരു സൌകര്യങ്ങളും പൊതുജനത്തിന് ലഭിക്കുന്നില്ല. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ പറ്റുന്നില്ല. നമ്മള്‍ വിയര്‍പ്പുചിന്തി സമ്പാദിച്ച പണത്തില്‍ നിന്ന് നല്‍‌കുന്ന നികുതിപ്പണം അഴിമതികളിലും കുംഭകോണങ്ങളിലും കൈക്കൂലിയിലും പെട്ട് ആവിയായിപ്പോകുന്നു.”

“ഞാനടക്കമുള്ള ജനത ഇതൊക്കെ അനുഭവിച്ചിട്ടും സഹിച്ച് കഴിയുന്നത് രാജ്യസ്നേഹം ഉള്ളതുകൊണ്ടാണ്. എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ ഈ അഴിമതിക്കും കൈക്കൂലിക്കും കുംഭകോണങ്ങള്‍ക്കും എതിരെ ഒരുനാള്‍ തിരിയും. അന്ന് വലിയ മാറ്റം സംഭവിക്കും. ഇന്ത്യന്‍ ജനത ഈ മാറ്റം ഉണ്ടാക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്” - കമലഹാസന്‍ പറഞ്ഞു.

അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിവരുന്ന അണ്ണാ ഹസാരെയ്ക്ക് ബോളിവുഡില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെങ്കിലും ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ നടന്‍ അഴിമതിയെ പറ്റി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. എന്തായാലും, അണ്ണാ ഹസാരെയുടെ പേര് കമല്‍ പരാമര്‍ശിക്കുക ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :