ഹിലാരിയെ കാണാന്‍ കമലും ഗൌതമിയും

ചെന്നൈ| WEBDUNIA|
PTI
ഹിലാരി ക്ലിന്റന്റെ ചെന്നൈ സന്ദര്‍ശനത്തിന് തെന്നിന്ത്യന്‍ സിനിമയുടെ താരത്തിളക്കവും. സിനിമാതാരങ്ങളായ കമല്‍ ഹസനും ഗൌതമിയും ശതാബ്ദി ലൈബ്രറിയിലെ ഹിലാരിയുടെ പരിപാടിയില്‍ പങ്കെടുത്തു.

കുട്ടികളും തെരഞ്ഞെടുത്ത വിശിഷ്ട വ്യക്തികളുമാണ് അണ്ണാ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ആഗോള തലത്തിലേക്ക് ഇന്ത്യന്‍ വിപണികള്‍ തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ സമൃദ്ധി വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല എന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള, ഏറ്റവും കൂടുതല്‍ വ്യവസായവല്‍ക്കരിക്കപ്പെട്ട, ഏറ്റവും കൂടുതല്‍ ആഗോളവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. ഏഷ്യയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മാത്രമായിരിക്കില്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേതും 1.3 ബില്യന്‍ ഇന്ത്യക്കാരുടേതും കൂടിയായിരിക്കും.

ഒബാമ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ പറഞ്ഞതു പോലെ ഇന്ത്യ-യുഎസ് ബന്ധം ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരിക്കും. ഇന്ത്യയുടെ നാനാത്വം മറ്റ് രാഷ്ട്രങ്ങള്‍ക്കും സഹിഷ്ണുതയുടെ പാത പിന്തുടരാനുള്ള പ്രചോദനമാവും. ഇത് ഇന്ത്യയിലുള്ള അന്ധമായ വിശ്വാസം കൊണ്ട് മാത്രം പറയുന്ന വാക്കുകളല്ല, ഇന്ത്യയുടെ വളര്‍ച്ച ആരാധനയോടെ നോക്കിക്കണ്ടുകൊണ്ട് പറയുന്നതാണ്.

ഇന്ത്യ ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ യുഎന്‍ സ്ഥിരാംഗത്വ നീക്കത്തെ ഒബാമയും പിന്തുണച്ചു. ഭീകരത തുടച്ചു നീക്കുന്നതിനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പ് രീതിയിലും ഇന്ത്യ ലോകത്തിന് മാതൃകയാണ്.

ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെല്ലാം ഉപരിയാണ് എന്നും ഹിലാരി ചെന്നൈയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :