രാജിവയ്ക്കില്ലെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഹെലികോപ്ടര്‍ ഇടപാട് വിവാദത്തിന്റെ പേരില്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് എ കെ ആന്റണി. കൈകള്‍ ശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി പ്രതിരോധമന്ത്രാലയത്തിന് ഭിന്നതയില്ലെന്ന് ആന്റണി വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.

മന്ത്രാലയങ്ങള്‍ കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടിന്റെ എല്ലാ വിശദാംശങ്ങളും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാന്‍ തയ്യാറാണെന്നും ആന്റണി വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ തേടും. ക്രമക്കേടുകള്‍ നടന്നു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. അന്വേഷണത്തിലൂടെ സത്യം കണ്ടെത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരോട് യാതൊരു ദയയും കാണിക്കില്ലെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളില്‍ അസ്വസ്ഥനായി ആന്റണി രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4000 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്' എന്നു പേരുള്ള 12 ഹെലികോപ്ടറുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :