യദ്യൂരപ്പ കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട്

ബാംഗ്ലൂര്‍| WEBDUNIA|
PTI
ബെല്ലാരിയില്‍ അനധികൃത ഖനനം നടത്തുന്നതിന് അനുവാദം നല്‍കാന്‍ മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന‍. യദ്യൂരപ്പയുടെ രണ്ട് പുത്രന്‍‌മാരാണ് കമ്പനി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്നും ഹെഗ്ഡെ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബെല്ലാരിയിലെ ഖനിയുടമകളെ സഹായിക്കുന്നതിനുള്ള പ്രതിഫലം ഒരു ട്രസ്റ്റ് വഴി യദ്യൂരപ്പയുടെ മക്കള്‍ കൈപ്പറ്റി. ഇവര്‍ സ്വന്തം സ്ഥലം വിപണി വിലയില്‍ നിന്നും വളരെ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ചതും കൈക്കൂ‍ലി വാങ്ങുന്നത് മറയ്ക്കുന്നതിനായിരുന്നു എന്നാണ് സൂചന.

2009 മാര്‍ച്ച് മുതല്‍ 2010 മെയ് വരെയുള്ള കാലയളവില്‍ അനധികൃത ഖനനം അനുവദിക്കുക വഴി സംസ്ഥാനത്തിന് 1800 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. 4000 - 5000 താളുകള്‍ ഉള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ യദ്യൂരപ്പയ്ക്കും ബെല്ലാരി സഹോദരന്‍‌മാര്‍ക്കും എതിരെയുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നും സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.

ഹെഗ്ഡെയുടെ റിപ്പോര്‍ട്ട് യദ്യൂരപ്പയ്ക്ക് കനത്ത തിരിച്ചടിയായേക്കും. സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ഒരേപോലെയുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പാടുപെടുന്ന യദ്യൂരപ്പ കോടിക്കണക്കിന് രൂപ സര്‍ക്കാരിനു നഷ്ടമുണ്ടാക്കി എന്ന ആരോപണത്തെ അതിജീവിക്കാന്‍ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവരും.

ലോകായുക്തയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യദ്യൂരപ്പ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :