യദ്യൂരപ്പ ഗദ്ദാഫി? താക്കറെയ്ക്ക് മറുപടി നല്‍കില്ല!

ഹൂബ്ലി| WEBDUNIA|
PTI
തന്നെ ഗദ്ദാഫിയുമായും കര്‍ണാടകയെ ലിബിയയുമായും താരമ്യം ചെയ്ത ശിവസേന തലവന്‍ ബാല്‍ താക്കറെയ്ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ. ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാന്‍ താല്‍‌പര്യമില്ല എന്നാണ് പറഞ്ഞത്.

ലോക കന്നഡ സമ്മേളനത്തെ കുറിച്ചുള്ള പ്രതികരണമായി ശനിയാഴ്ച ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യില്‍ വന്ന എഡിറ്റോറിയലിലാണ് ബാല്‍ താക്കറെ യദ്യൂരപ്പയെ ഗദ്ദാഫിയുമായി താരതമ്യം ചെയ്തത്. തര്‍ക്ക സ്ഥലമായ ബല്‍ഗാമില്‍ സമ്മേളനം വച്ചത് മറാത്തികളെ വെല്ലുവിളിക്കാനാണ് എന്നാണ് താക്കറെയുടെ അഭിപ്രായം.

ബല്‍ഗാമില്‍ മറാത്തി ഭാഷ സംസാരിക്കുന്നവരാണ് അധികവും എന്ന് അവകാശപ്പെട്ട താക്കറെ മറാത്തി സംസാരിക്കുന്നവരെ പൊലീസ് മര്‍ദ്ദിച്ചു എന്ന വാര്‍ത്ത ഉദ്ധരിച്ചാണ് യദ്യൂരപ്പയ്ക്ക് എതിരെ കത്തിക്കയറിയത്. കര്‍ണാടകയില്‍ ജനാധിപത്യമാണോ അതോ ഗദ്ദാഫിയുടെ ഭരണമാണോ നടക്കുന്നത് എന്നായിരുന്നു താക്കറെ തന്റെ എഡിറ്റോറിയലിലൂടെ ചോദിച്ചത്.

കന്നഡയും മറാത്തിയും ഇരട്ട സഹോദരിമാരാണ്. കന്നഡ സമ്മേളനത്തിന് ആശംസകള്‍ നേരുന്നു. എന്നാല്‍, ബല്‍ഗാമില്‍ വച്ച് സമ്മേളനം നടത്തുന്നത് പ്രകോപനം സൃഷ്ടിക്കാന്‍ മാത്രമാണെന്നും താക്കറെ തന്റെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം‍, കന്നഡ സമ്മേളനത്തിന് സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു എന്നും സമ്മേളനം വന്‍ വിജയമാണ് എന്നുമാണ് യദ്യൂരപ്പ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :