മോഡിയുടെ പ്രസ്താവന നാടകമെന്ന് കോണ്‍ഗ്രസ്

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 31 ജൂലൈ 2010 (19:16 IST)
PRO
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ ഗുജറാത്തിനു പുറത്തേയ്ക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാജ്യത്തെ ജുഡീഷ്യറി സംവിധാനത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേ പ്രസ്താവന വെറും നാടകമാണെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സുപ്രീംകോടതി തന്നെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് മാറ്റിയപ്പോള്‍ മോഡിയുടെ ആത്മാഭിമാനം എവിടെപ്പോയെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ചോദിച്ചു.

മോഡി ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന സംഭവത്തെ ഊതിപ്പെരുപ്പിക്കാന്‍ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്. ഗുജറാത്തിലെ മൂന്നുവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഈ കേസ് സി ബി ഐയ്ക്ക് കൈമാറിയത്. കേസ് സി ബി ഐയ്ക്ക് വിടരുതെന്ന ഗുജറാത്ത് പോലീസ് കോടതിയില്‍ ആ‍വശ്യപ്പെട്ടപ്പൊള്‍ പൊലീസ് അന്വേഷണം തെറ്റായ ദിശയിലാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സിംഗ്‌വി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരിനോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ മോഡി ആരോപിച്ചിരുന്നു.

ഇസ്രത് ജഹാന്‍ കേസില്‍ ഹെ‌ഡ്‌ലിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നിലപാട് ശരിയായിരുന്നുവെന്ന് അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായത്. ഇതു തന്നെയാണ് സൊഹ്‌റാബുദ്ദീന്‍ കേസിലും സംഭവിയ്ക്കാന്‍ പോവുന്നത്. തീവ്രവാദത്തെ നേരിടുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നതിന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും മോഡി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :