മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
വിദേശകാര്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജി സമര്‍പ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണി, സാമൂഹികക്ഷേമ മന്ത്രി മുകുള്‍ വാസ്‌നിക്‌, ടൂറിസം മന്ത്രി സുബോധ്‌കാന്ത്‌ സഹായി എന്നിവരാണ് രാജിവച്ചിരിക്കുന്നത്. മൂന്നുപേരുടെയും രാജി പ്രധാനമന്ത്രി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രിക്കും അതൃപ്തിയുള്ള മന്ത്രിമാരാണ് രാജിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുബോധ്‌കാന്ത്‌ സഹായിക്കെതിരെ കല്‍ക്കരിപ്പാടം അഴിമതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എസ് എം കൃഷ്ണയ്ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതോടെ ഞായറാഴ്ച വലിയ രീതിയിലുള്ള അഴിച്ചുപണിയാണ് കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറപ്പായി. കേരളത്തില്‍നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്‌ മന്ത്രിയാകുമെന്നാണ് സൂചന. അഞ്ചു തവണ എംപി ആയതും ദളിത്‌ സമുദായാംഗമാണ് എന്നതുമാണ്‌ അദ്ദേഹത്തിന്‌ അനുകൂലമായ ഘടകം. നാളെ ഡല്‍ഹിയില്‍ ഉണ്ടാകണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

പാര്‍ട്ടി എന്തു സേവനമാവശ്യപ്പെട്ടാലും ചെയ്യാന്‍ തയാറാണെന്നും സ്ഥാനത്തിന്റെ വലിപ്പചെറുപ്പങ്ങള്‍ നോക്കില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരുമോ എന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ്‌ ദേവ്‌റ എന്നിവര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കാനും മനീഷ്‌ തിവാരി, തെലുങ്ക്‌ സൂപ്പര്‍ താരം ചിരഞ്‌ജീവി, മുന്‍ മുഖ്യമന്ത്രി വിജയഭാസ്‌കര റെഡ്‌ഡിയുടെ മകന്‍ സൂര്യപ്രകാശ്‌, തെലുങ്കാനയില്‍നിന്നുള്ള രണ്ട്‌ എം പിമാര്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള ചര്‍ച്ചകള്‍ സജീവമാണ്‌.

കേരളത്തില്‍നിന്നു ശശി തരൂരിനും സാധ്യതയുണ്ട്‌. അഗത സാംഗ്മ, ബേനി പ്രസാദ്‌ വര്‍മ എന്നിവരെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :