മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.8 അടി, ജനം ഭീതിയില്‍, നിലപാടിലുറച്ച് തമിഴ്നാട്

Mullapperiyar, Chennai, Dam, Tamilnadu, Flood, മുല്ലപ്പെരിയാര്‍, അണക്കെട്ട്, ഡാം, തമിഴ്നാട്, ജലനിരപ്പ്
ഇടുക്കി| Last Updated: തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (10:09 IST)
മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 2853 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയിട്ടുണ്ട്. 2200 ഘന അടി വെള്ളം കൊണ്ടുപോകണമെന്ന് ജില്ലാ കളക്ടര്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. നിലവില്‍ 1850 ഘന അടി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ അണക്കെട്ടിന് സമീപപ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. തേക്കടിയിലും പെരിയാര്‍ കടുവ സങ്കേതത്തിലും നല്ല രീതിയില്‍ ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതുമുതല്‍ വൈഗയിലേക്കു കൂടുതല്‍ വെള്ളം തുറന്നുവിടണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അത് അനുവദിച്ചിരുന്നില്ല.

അതേസമയം, ഈ പ്രതിസന്ധിസമയത്ത് ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ അടിയന്തരമായി സ്ഥലം മാറ്റിയത് വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. മൂന്നാറിലേക്കാണ് ഡെപ്യൂട്ടി കളക്ടര്‍ ടി രാജനെ സ്ഥലം മാറ്റിയത്. പകരം ചുമതലയേല്‍ക്കേണ്ട ഉദ്യോഗസ്ഥന്‍ എത്തിയിട്ടുമില്ല. ടി രാജനാകട്ടെ സ്ഥലം മാറ്റ നടാപ്പാടിയില്‍ പ്രതിഷേധിച്ച് അവധിയില്‍ പോകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :