മുത്തലാഖ് ഇനി ചരിത്രം; നിയമനിര്‍മ്മാണം വരെ മുത്തലാഖിന് വിലക്ക്, നിയമമില്ലെങ്കില്‍ വിലക്ക് തുടരുമെന്നും സുപ്രീം കോടതി

മുത്തലാഖ് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| സജിത്ത്| Last Updated: ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:57 IST)
വിവാഹമോചന രീതിയായ മുത്തലാഖിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് ഒറ്റയടിക്കുള്ള മുത്തലാഖിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന വിധി പ്രസ്താവം നടത്തിയെങ്കിലും മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമാണെന്ന വിധി പ്രഖ്യാപിക്കുകയായിരുന്നു.

മതപരമായ വിശ്വാസത്തിന്റെ കാര്യമായതിനാൽ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പറഞ്ഞത്. ഇതിനെ ജസ്റ്റിസ് അബ്ദുള്‍ നാസര്‍ മാത്രമാണ് പിന്തുണച്ചത്. എന്നാല്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഭരണഘടനാ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, യുയു ലളിത് തുടങ്ങിയവരും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെ മതാചാരത്തിന്റെ ഭാഗമായി മാത്രം കാണാന്‍ കഴിയില്ലെന്നുമുള്ള നിലപാടെടുത്തു. തുടര്‍ന്നാണ് ഒറ്റയടിക്കുള്ള മുത്തലാഖ് വിലക്കിയത്.

മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു കോടതി വാദം കേട്ടതും തുടര്‍ന്ന് വിധി പറഞ്ഞതും. മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹരിയാബാനുവായിരുന്നു കേസിലെ മുഖ്യ ഹര്‍ജിക്കാരി. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും മുത്തലാഖിന്റെ ഇരകളായ നാല് സ്ത്രീകളും പിന്നീട് കക്ഷി ചേരുകയായിരുന്നു. ഇവരോടൊപ്പം കേന്ദ്ര സര്‍ക്കാരും കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :