ഭീകരര്‍ വിമാനം റാഞ്ചുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
അല്‍-ക്വൊയ്ദ, ലഷ്കര്‍ ഭീകരര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതിയൊരുക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദക്ഷിണേഷ്യയില്‍ സര്‍‌വീസ് നടത്തുന്ന എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്ന 2009 നു ശേഷം ഇന്ത്യയില്‍ ഒരു വലിയ ഭീകരാക്രമണം നടന്നേക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അല്‍-ക്വൊയ്ദയും ലഷ്കറും ചേര്‍ന്നൊരുക്കുന്ന പദ്ധതി അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഏതു വിമാനവും ഏതു സമയത്തും റാഞ്ചിയേക്കാമെന്നാണ് സൂചന. എന്നാല്‍, ഇന്ത്യന്‍ എയര്‍ ലൈന്‍സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും കൂടുതല്‍ ഭീഷണി ഉണ്ടാവുമെന്നാണ് സൂചന.

മുന്നറിയിപ്പിനെ തുടര്‍ന്ന്, കൊളംബൊ, ധാക്ക, യാങ്കൂണ്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐസി-814 വിമാനം റാഞ്ചിയതിനു ശേഷം കാഠ്മണ്ഡു, കാബൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് അതീവ സുരക്ഷയാണ് നല്‍കിവരുന്നത്.

എല്ലാ വിമാനങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാനും വിമാനങ്ങളില്‍ സ്കൈ മാര്‍ഷല്‍‌മാരെ നിയോഗിക്കാനും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. സാര്‍ക് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്നും നിര്‍ദ്ദേശമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :