ഭീകരബന്ധം: വിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനും ശാസ്ത്രജ്ഞനും പിടിയില്‍

ഹൈദരാബാദ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഭീകരബന്ധം ആരോപിച്ച്‌ കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പത്രപ്രവര്‍ത്തകനും ശാസ്ത്രജ്ഞനും ഉള്‍പ്പടെ 11 പേര്‍ക്ക്‌ പുറമേ സംഘത്തില്‍പെട്ടയാളെന്ന്‌ സംശയിക്കുന്ന ഒരു വിദ്യാര്‍ഥിയെയും ഹൈദരാബാദില്‍ നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍ വിദ്യാര്‍ഥിയായ ഒബൈദ്‌ റെഹ്‌മാന്‍ (26)നെയാണ്‌ വെള്ളിയാഴ്ച വൈകിട്ട്‌ ബംഗലൂരു പൊലീസ്‌ പിടികൂടിയത്‌. ഇയാളെ ബംഗലൂരുവില്‍ എത്തിച്ച്‌ ചോദ്യം ചെയ്‌തുവരികയാണ്‌.

കഴിഞ്ഞ ദിവസമാണ് ബംഗലൂര്‍ ഹൂബ്ലിയില്‍ നിന്നും നിന്ന്‌ ഒരു പത്രപ്രവര്‍ത്തകനും ഡിഫന്‍സ്‌ റിസേര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേനിലെ ശാസ്‌ത്രജ്‌ഞനുമുള്‍പ്പെടെ 11 പേരെ പിടികൂടിയത്. ഇവര്‍ക്ക്‌ സൗദി അറേബ്യയിലെ ഭീകരസംഘങ്ങളുമായി ബന്ധമുള്ളതായി അന്വേഷണ സംഘത്തിന്‌ വ്യക്തമായിട്ടുണ്ട്.

അന്താരാഷ്ട്ര സംഘത്തലവന്മാരുമായി ഇവര്‍ ഇന്റര്‍നെറ്റിലെ സ്‌കൈപ്പ്‌ സംവിധാനമുപയോഗിച്ച്‌ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പോലീസിന്‌ ലഭിച്ചു. ഇവരില്‍ നിന്ന്‌ പിടിച്ചെടുത്ത ലാപ്‌ടോപ്പുകളില്‍ നിന്നും ഇവര്‍ക്കു വന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എസ് എംഎസുകളും ലഭിച്ചതായി ആഭ്യന്തരമന്ത്രി ആര്‍.അശോക പറഞ്ഞു.

രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നതിനിടെയാണ്‌ അറസ്‌റ്റ്. ധര്‍വാദ്‌ എംപി പ്രഹളാദ്‌ ജോഷിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇവരില്‍നിന്ന്‌ ഒരു തോക്കും തീവ്രവാദ സ്വഭാവമുള്ള ലഘുരേഖകളും പിടിച്ചെടുത്തതായും എം.പിമാര്‍, എം.എല്‍.എമാര്‍, പത്രപ്രവര്‍ത്തകര്‍, ഹിന്ദു സംഘടനകളുടെ നേതാക്കള്‍ എന്നിവരെ വകവരുത്താന്‍ ഇവര്‍ പദ്ധതിയിട്ടതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പൊലീസ്‌ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി സംഘം നിരീക്ഷണത്തിലായിരുന്നു. രാജ്യാന്തര ബന്ധമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്ന സംഘം അക്രമ പരമ്പരകള്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :